കുഞ്ചാക്കോ ബോബന്‍ പിള്ളേരു കൊടുത്ത പണി; സൗബിന് സമർപ്പിച്ച് താരം; വിഡിയോ
Mail This Article
ആരാണ് ചോക്ലേറ്റ് ഹീറോ എന്നു ചോദിച്ചാൽ മലയാളി യുവത്വത്തിന് എന്നും ഒറ്റ ഉത്തരമേയുള്ളൂ. കുഞ്ചാക്കോ ബോബന്‍. മലയാള സിനിമാ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഭേദപ്പെട്ട ഡാൻസറായി താരം വളർന്നു. ഇപ്പോൾ ഏറ്റവും ഒടുവിൽ ട്രോളൻമാർ പറ്റിച്ച സ്വന്തം ഡാൻസ് വിഡിയോ പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബൻ.
സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്ന ‘അമ്പിളി’യിലെ ‘ഞാന്‍ ജാക്സനല്ലെടാ’ എന്ന ഗാനത്തിനു ചുവടുവെക്കുന്ന വിഡിയോയാണ് കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. താരത്തിന്റെ വിവിധ ചിത്രങ്ങളിലെ രംഗങ്ങൾ കോർത്തിണക്കിയാണു വിഡിയോ. ‘പിള്ളേരുടെ പണിയാ, പക്ഷേ, തമാശയാണ്. സൗബിനും, ജോൺപോളിനും അമ്പിളി ടീമിനും സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവച്ചത്.
താരം പങ്കുവച്ച വിഡിയോ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ‘ഗംഭീര എഡിറ്റിങ്ങ്, സംഗതി പൊളിച്ചു’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്.
സൗബിൻ പ്രധാന വേഷത്തിലെത്തുന്ന ‘അമ്പിളി’യിലെ ഞാൻ ജാക്സനല്ലെടാ എന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. വ്യത്യസ്തമായ രീതിയിലുള്ള സൗബിന്റെ ചുവടുവെപ്പു തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. അന്തോണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ജോൺപോളാണു സംഗീതം.