‘ഇത് കുട്ടനാടിന്റെ ശബ്ദം’; വേറിട്ട ഗാനവുമായി യുവാക്കൾ, വിഡിയോ ശ്രദ്ധേയം

Mail This Article
‘സേവ് കുട്ടനാട്’ എന്ന ആശയം പ്രമേയമാക്കിയൊരുക്കിയ ‘കുട്ടനാടിന്റെ ശബ്ദം’ എന്ന ഗാനം ശ്രദ്ധേയമാകുന്നു. നടൻ നെടുമുടി വേണുവാണ് പാട്ട് പ്രേക്ഷകർക്കു പരിചയപ്പെടുത്തിയത്. പിന്നണി ഗായകൻ കാവാലം ശ്രീകുമാർ പാട്ടിന്റെ ഒദ്യോഗിക ഉദ്ഘാടം നിർവഹിച്ചു.
ജിബി പാലയ്ക്കത്താഴയാണ് ‘കുട്ടനാടിന്റെ ശബ്ദം’ എന്ന പാട്ടിനു വരികൾ കുറിച്ചത്. പാട്ടിൽ നാട്ടഴകിനൊപ്പം നാടിന്റെ ഇപ്പോഴത്തെ ദുരവസ്ഥയും വരച്ചിട്ടിരിക്കുന്നു. അജി സരസ്സ് ഈണം പകർന്ന ഗാനം ജോസ് സാഗർ ആണ് ആലപിച്ചത്. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. കുട്ടനാടിന്റെ ഗ്രാമീണഭംഗി തെളിയുന്ന ദൃശ്യങ്ങള്‍ പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജെയ് ഓണാട്ട് ആണ് ഗാനരംഗങ്ങളുടെ എഡിറ്റിങ് നിർവഹിച്ചത്.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പ്രമുഖരുൾപ്പെടെ പലരും പാട്ടിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു രംഗത്തെത്തി. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി.