‘നിങ്ങളെ വെല്ലാൻ ആർക്ക് കഴിയും’, ഷാറുഖിന് മോഹൻലാലിന്റെ മറുപടി; അത്താഴം മാത്രം പോരെന്നും കുറിപ്പ്

Mail This Article
വനിത ഫിലിം അവാർഡ്സ് വേദിയിൽ താൻ അവതരിപ്പിച്ച നൃത്തത്തെ പ്രശംസിച്ച് കുറിപ്പു പങ്കിട്ട ബോളിവുഡ് താരം ഷാറുഖ് ഖാന് മറുപടി പോസ്റ്റുമായി നടൻ മോഹൻലാല്‍. ഷാറുഖിനെപ്പോലെ ചുവടുവയ്ക്കാൻ മറ്റാർക്കും കഴിയില്ലെന്നും നല്ല വാക്കുകൾ പറഞ്ഞതിനു നന്ദി അറിയിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിച്ച ഷാറുഖിനോടു രസകരമായാണ് മോഹൻലാൽ പ്രതികരിച്ചത്.
‘പ്രിയ ഷാറുഖ്, താങ്കളെപ്പോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ല. അനുകരണം പോലും അസാധ്യമാകു വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയിൽ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്, ഒറിജനൽ സിന്ദാ ബന്ദാ! നല്ല വാക്കുകൾക്ക് നന്ദി. പിന്നെ... ഡിന്നർ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു 'സിന്ദാ ബന്ദാ' പിടിച്ചാലോ?’, മോഹൻലാൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഷാറുഖ് നായകനായെത്തിയ ‘ജവാൻ’ എന്ന ചിത്രത്തിലെ ‘സിന്ദ ബാന്ദ’ പാട്ടിനൊപ്പമാണ് മോഹൻലാൽ ചുവടുവച്ചത്. ഇതിന്റെ വിഡിയോ കണ്ട് അതിശയം തോന്നിയ ഷാറുഖ്, മോഹൻലാൽ ചെയ്തതിന്റെ പകുതിയെങ്കിലും തനിക്കു ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. കൂടാതെ നടനെ വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിക്കുകയും ചെയ്തു. പിന്നാലെയാണ് മോഹൻലാലിന്റെ മറുപടി പോസ്റ്റ് വന്നത്.