ADVERTISEMENT

അഭിമാനത്തോടും ആത്മവിശ്വാസത്തോടും ത്രിവർണ പതാക നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ ഓരോ ഭാരതീയനും മനസ്സിൽ അറിയാതെ ഉരുവിട്ടു പോകും വന്ദേമാതരം. ദേശസ്നേഹം കൊണ്ട് സിരകളിൽ രക്തം തിളച്ച് ഇരിപ്പിടങ്ങളിൽ നിന്ന് അറിയാതെ എഴുന്നേറ്റ് ദേശീയപതാകയെ നോക്കി സല്യൂട്ട് ചെയ്യുമ്പോൾ കണ്ണിൽ നിന്ന് ചുടുകണ്ണീരിറ്റു വീഴുകപോലും ചെയ്യും. അവയ്ക്കൊക്കെ അകമ്പടിയായി ദേശീയതയും ആത്മസമർപ്പണും നിറച്ച് കാലങ്ങളായി പാടിപ്പതിഞ്ഞ ചില പാട്ടുകളുണ്ട് നമുക്ക് സ്വന്തമായി. ചിലത് സിനിമകൾക്കു വേണ്ടിയൊരുക്കിയത്. മറ്റു ചിലത് പിൽക്കാലത്ത് സിനിമയിലേക്ക് എത്തിയവ. തലമുറകളായി കൈമാറി വരുമ്പോഴും ആ ഗാനങ്ങളുടെയൊക്കെ ശോഭ ഇരട്ടിച്ചു എന്നല്ലാതെ തെല്ല് കുറഞ്ഞിട്ടില്ല. അത്തരം ചില ദേശസ്നേഹ ഗാനങ്ങളിലൂടെ ഈ സ്വാതന്ത്ര്യ ദിനത്തിൽ ഒരു കടന്നു പോക്ക്.

പതിറ്റാണ്ടുകൾക്കു മുൻപേ വന്ന ഭാരത് ഭാഗ്യവിധാതാ...

1950 ലാണ് ഇന്ത്യയുടെ ദേശീയഗാനമായി ജനഗണമന വന്നത്. എന്നാൽ അതിനെത്രയോ മുൻപു തന്നെ ഇന്ത്യൻ ജനതയെ സ്വാധീനിച്ചതായിരുന്നു ടഗോറിന്റെ 'ഭാരത ഭാഗ്യ വിധാതാ'. 1911ൽ കൊൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സെഷനിലായിരുന്നു ആദ്യമായി ഈ വരികൾ ആലപിച്ചത്. ഈ വരികൾക്കു സംഗീതം നൽകിയതും ടഗോർ തന്നെ. 1912ൽ തത്വബോധിനി മാസികയില്‍ ഭാരത ഭാഗ്യവിധാതാ എന്ന വരികൾ അച്ചടിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പല സമ്മേളനങ്ങളിലും ഈ ഗാനം ആലപിക്കുകയും ചെയ്തു.

1499661916
പ്രതീകാത്മക ചിത്രം Image Credit: Istock

1945 ൽ പുറത്തിറങ്ങിയ ഹം രഹി എന്ന ചിത്രത്തിലായിരുന്നു ആദ്യമായി ജനഗണമന സിനിമയിൽ ഉപയോഗിച്ചത്. ബംഗാളി സിനിമ ഉദയർ പാത്തെയുടെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. ബിമൽ റോയാണ് ചിത്രത്തിന്റെ സംവിധാനം. ആര്‍ ‌.സി.ബോരൽ ആയിരുന്നു സംഗീതസംവിധാനം. ഒരു ക്വയർ ഗാനം പോലെയാണു സിനിമയിൽ ഉപയോഗിച്ചത്.

 

ഭാരതാംബയെ സ്തുതിച്ച്...

സാഹിത്യത്തിനു വളക്കൂറുള്ള മണ്ണായിരുന്നു ബംഗാളിലേത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യൻ ജനതയുടെ മനസ്സിൽ സ്വാതന്ത്ര്യബോധം നാമ്പെടുത്ത കാലം. ഇന്ത്യ നമ്മുടേതാണെന്ന ബോധം പതുക്കെ രാജ്യമാകെ പരക്കുന്നു. അന്നാണ് ആ വരികളുടെ ഉത്ഭവം. വന്ദേമാതരം... സുജലാം സുഫലാം മലയജ ശീതളാം... 1870 ൽ ബങ്കിം ചന്ദ്ര ചാറ്റർജി എന്ന ബംഗാളി സാഹിത്യകാരന്റെ തൂലികയിൽ‌നിന്ന് ഊർന്നു വീണ വരികൾ. 1880ൽ അദ്ദേഹം തന്റെ ആനന്ദമഠം എന്ന നോവലിൽ ഈ വരികൾ ഉൾപ്പെടുത്തി. നോവലിൽ വരുന്നതിനു മുൻപുതന്നെ ആ വരികൾ ഇന്ത്യൻ ജനത ഏറ്റെടുത്തു. ഭാരതമാതാവിനെ സ്തുതിക്കുന്നതാണ് ഈ ഗാനം.

1896 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ രവീന്ദ്രനാഥ ടഗോറാണ് ഈ ഗീതം ആദ്യമായി ആലപിച്ചത്. ഒരു ഗീതം എന്ന നിലയിൽ വന്ദേമാതരത്തിന് ആദ്യമായി സംഗീതം നൽകിയതും ടഗോറായിരുന്നു. 1905 ബംഗാൾ വിഭജനത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ ഈ ഗാനം ആലപിക്കപ്പെട്ടു. എന്നാൽ ഈ ഗാനത്തിന് മേൽ ബ്രിട്ടിഷ് സർക്കാർ വിലക്ക് ഏർപ്പെടുത്തി. ആനന്ദമഠം എന്ന നോവലും വന്ദേമാതരവും വിലക്കുന്നതായി ഉത്തരവിട്ടു. വന്ദേമാതരം ആലപിച്ചു എന്ന ഒറ്റക്കാരണത്താൽ പലരും ജയിലിലാവുകയും ചെയ്തു. പക്ഷേ, തടവറകള്‍ അവർക്കൊരു തടസ്സമായില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം 1950 ൽ വന്ദേമാതരത്തെ ദേശീയ ഗീതമായി പ്രഖ്യാപിച്ചു. 

1280314065
പ്രതീകാത്മക ചിത്രം Image Credit: Istock

തലമുറകൾ ഏറ്റു പാടിയ ‘സാരെ ജഹാം സെ അച്ഛാ’

‘സാരെ ജഹാം സെ അച്ഛാ’ കേട്ടുപഴകിയ ഗാനമാണ്. തലമുറകള്‍ ഏറ്റുപാടിയ ദേശഭക്തിഗാനം. ഉറുദു കവി മുഹമ്മദ് ഇക്ബാലിന്റെ വരികൾ. 1904 ഓഗസ്റ്റ് 16ന് ഇത്തിഹാദ് എന്ന മാസികയിലായിരുന്നു ആദ്യമായി ഈ കവിത പ്രസിദ്ധീകരിച്ചത്. ലാഹോറിലെ ഒരു കോളജിൽ ഇക്ബാൽ തന്നെ ഈ കവിത ചൊല്ലി. സ്വാതന്ത്ര്യ സമരകാലത്തെ പ്രധാന ദേശഭക്തി ഗാനമായിരുന്നു സാരെ ജഹാം സെ അച്ഛാ. 1930 ല്‍ പുണെയിലെ യെർവാഡ ജയിലിൽ കഴിയുന്ന കാലത്ത് തനിക്ക് ഊർജം പകർന്നത് ഈ ഗാനമായിരുന്നു എന്നു മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. 

ഗസൽ രൂപത്തിലായിരുന്നു ഗാനം ആദ്യം ചിട്ടപ്പെടുത്തിയത്. എന്നാൽ 1945ൽ ഇന്നു കേൾക്കുന്ന ഈണത്തിലേക്ക് സാരെ ജഹാം സെ അച്ഛാ മാറുകയായിരുന്നു. ധർത്തികാ ലാൽ എന്ന ഹിന്ദി ചിത്രത്തിനു വേണ്ടി പണ്ഡിറ്റ് രവിശങ്കർ ആണ് ഗാനം ഇന്നു കേൾക്കുന്ന ഈണത്തിലേക്ക് ചിട്ടപ്പെടുത്തിയത്. ഒരു ശോകഗാനം കേൾക്കുന്നതു പോലയായിരുന്നു സാരെ ജഹാം സെ അച്ഛാ കേട്ടിരുന്നതെന്ന് അദ്ദേഹം 2009ൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിൽ നിന്നു ദേശീയത ഉണർത്തുന്ന ഒരു ഈണത്തിലേക്കു മാറ്റണമെന്നു തീരുമാനിക്കുകയായിരുന്നെന്നും പണ്ഡിറ്റ് രവിശങ്കർ പറഞ്ഞു. 1945 മുതൽ രവിശങ്കറിന്റെ ഈണത്തിൽ ഈ ഗാനം ഭാരതീയർ കേട്ടു തുടങ്ങി.

513960565
പ്രതീകാത്മക ചിത്രം Image Credit: Istock

രാജ്യത്തെ കീഴടക്കിയ റഹ്മാന്റെ വന്ദേമാതരം....

വന്ദേമാതരം എന്ന റഹ്‌മാൻ ആൽബം പുറത്തിറങ്ങിയിട്ട് എത്രയോ വർഷം കഴിഞ്ഞിരിക്കുന്നു. സിനിമാ ഗാനങ്ങൾക്ക് പുറത്തും ആൽബം പാട്ടുകളിൽ ശ്രദ്ധ കൊടുത്ത റഹ്‌മാന്റെ പാട്ടുകളെല്ലാം വ്യത്യസ്തവും ശ്രദ്ധേയവുമാണ്. അതിൽത്തന്നെ ഏറ്റവുമധികം ആളുകൾ ശ്രദ്ധിക്കുകയും ഏറ്റു പാടുകയും ചെയ്തത് വന്ദേമാതരം തന്നെയാകും.

റഹ്‌മാന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലുമൊന്നായി ‘മാ തുഝേ സലാം...’എന്ന് തുടങ്ങുന്ന ഗാനം അടയാളപ്പെട്ടിരിക്കുന്നു. 2016 ൽ മുംബൈയിൽ വച്ച് നടന്ന ഗ്ലോബൽ സിറ്റിസൻ ഫെസ്റ്റിവലിൽ പ്രശസ്ത ബാൻഡായ കോൾഡ് പ്ലേയിലെ അംഗമായ ക്രിസ് മാർട്ടിൻ ഇതേ ഗാനം ആലപിച്ചത് വളരെ ആവേശത്തോടെയാണ് ഭാരതം ഏറ്റെടുത്തത്. സ്വന്തം രാജ്യമൊട്ടാകെ ഒരു ഗാനം ഏറ്റെടുത്ത അനുഭവം, അത് റഹ്‌മാന്‌ മാത്രം സ്വന്തമാണ്.

ദൂര്‍ ഹാതോ ഏ ദുനിയാ വാലെ...

ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ടു വ്യാപകമായി പ്രചാരത്തിലിരുന്നിരുന്ന ഗാനമായിരുന്നു ഇത്. കവി പ്രദീപ് തന്നെയായിരുന്നു ഈ ഗാനത്തിന്റെയും രചയിതാവ്. 1943ൽ പുറത്തിറങ്ങിയ 'കിസ്മത്ത്' എന്ന സിനിമയിൽ ഈ ഗാനം ഉൾപ്പെടുത്തി. എന്നാൽ ബ്രിട്ടിഷ് സെൻസർ ബോർഡ് ഈ ഗാനം ഒഴിവാക്കാതിരിക്കാനായി 'തും ന കിസി കീ ആഗെ ഛുക്ന ജര്‍മൻ ഹോ യാ ജപ്പാനി' എന്ന വരികൂടി കവി പ്രദീപ് എഴുതി ചേർത്തു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാന് എതിരായ രീതിയിലാണ് ഈ വരികൾ എഴുതി ചേർത്തത്. എന്നാൽ ബാക്കിയെല്ലാ വരികളും ഇന്ത്യയുമായി ബന്ധപ്പെട്ടായിരുന്നു. അതുകൊണ്ടു തന്നെ പലവേദികളിലും ഈ ഗാനം ആലപിച്ചു.

1280309299
പ്രതീകാത്മക ചിത്രം Image Credit: Istock

യേ ദേശ് ഹമാരാ പ്യാരാ ഹിന്ദുസ്ഥാൻ...

1946 ലെ ഹം ജോലി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സ്വാതന്ത്ര്യസമര പരിപാടികളിലും പിന്നീടുള്ള വിഭജന കാലത്തും ഏറെ പ്രചാരത്തിലിരുന്ന ഗാനമായിരുന്നു ഇത്. ഹാഫിസ് ഖാനായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്. അൻജും പീലി ഭീട്ടിയായിരുന്നു ഗാനരചന. നൂർ ജഹാനായിരുന്നു ആലാപനം. വിഭജനത്തോടെ നൂർജഹാൻ പാക്കിസ്ഥാനിലേക്കു പോയി. സ്വതന്ത്ര ഇന്ത്യക്കായുള്ള ആഹ്വാനമായിരുന്നു ഈ ഗാനം. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഈ ഗാനത്തിലുടനീളം ആഹ്വാനം ചെയ്തിരുന്നു.

English Summary:

Indian patriotic songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com