ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗം; വേദന പങ്കിട്ട് മുൻപങ്കാളി അമൃത സുരേഷ്

Mail This Article
സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഗായികയും ഗോപിയുടെ മുൻ പങ്കാളിയുമായ അമൃത സുരേഷ്. ലിവിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കിട്ടുകൊണ്ടാണ് ഗായിക അനുശോചനം അറിയിച്ചത്. ‘അമ്മാ, ശാന്തിയിൽ ലയിക്കൂ’ എന്ന് ഗായിക ചിത്രത്തിനൊപ്പം കുറിച്ചു. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്.
അമ്മയുടെ വിയോഗവാർത്ത ഗോപി സുന്ദർ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. അമ്മ എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തനിക്കൊപ്പമുണ്ടായിരിക്കുമെന്നും അദ്ദേഹം നൊമ്പരത്തോടെ പ്രതികരിച്ചു. സ്വപ്നങ്ങളെ പിന്തുടരാനുള്ള കരുത്ത് പകർന്ന് എന്നും വഴികാട്ടിയായി കൂടെ നിന്നത് അമ്മയായിരുന്നുവെന്നും ഗോപി സുന്ദർ കൂട്ടിച്ചേർത്തു.
തൃശൂരിലായിരുന്നു ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ (65) അന്ത്യം. സംസ്‌കാരം വ്യാഴം വൈകിട്ട് 3 മണിക്ക് വടൂക്കര ശ്മശാനത്തിൽ നടക്കും.