ഇഐഎ പുനഃപരിശോധന ഹർജിയിൽ നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) വിജ്ഞാപനം പരിഷ്കരിക്കാനുള്ള കരടിനെക്കുറിച്ചു പൊതുജനാഭിപ്രായം അറിയിക്കുന്നതിന് സമയപരിധി നീട്ടണമെന്ന ഉത്തരവിനെതിരെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നൽകിയ പുനഃപരിശോധനാ ഹർജിയിൽ ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചു. കരടു വിജ്ഞാപനത്തിനെതിരെ ഹർജി നൽകിയ വിക്രാന്ത് തൊങ്കടിനാണ് നോട്ടിസ്.
സമയപരിധി കഴിഞ്ഞ മാസം 11 വരെ നീട്ടണമെന്നും കരടു വിജ്ഞാപനം 10 ദിവസത്തിനകം ഭരണഘടനയുടെ എട്ടാം പട്ടികയിലെ എല്ലാ ഭാഷകളിലും ലഭ്യമാക്കണമെന്നും ഹൈക്കോടതി ജൂൺ 30നു നിർദേശിച്ചിരുന്നു. അതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചാണ് കേന്ദ്രം ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ഡി.എൻ.പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വിക്രാന്ത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉത്തരവു നേടിയതെന്ന് അഡിഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ വാദിച്ചു. കരടു വിജ്ഞാപനം ഔദ്യോഗിക ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നു വിശദീകരിച്ചു.വിക്രാന്തിന്റെ ഹർജിയും മന്ത്രാലയത്തിന്റെ പുനഃപരിശോധനാ ഹർജിയും ഈ മാസം 23നു പരിഗണിക്കും.
English Summary: EIA- Delhi HC issues notice in Centre's review petition