‘ഒരു എഫ്ഐആറിൽ കേന്ദ്രമന്ത്രിയുടെ മകന്റെ പേരുണ്ട്’; യുപി എഡിജിപിയുടെ പ്രതികരണം

Mail This Article
ന്യൂഡൽഹി ∙ ലഖിംപുർ ഖേരിയിൽ കാറുകൾ ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പങ്ക് സംബന്ധിച്ച് അന്വേഷണം പൂർത്തിയാകും വരെ ഒന്നും പറയാനാവില്ലെന്ന് യുപി എഡിജിപി: പ്രശാന്ത് കുമാർ പറഞ്ഞു. എഫ്ഐആറുകളിലൊന്നിൽ ആശിഷിന്റെ പേരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമുഖത്തിൽ നിന്ന്:
∙ സംഭവത്തിൽ പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികൾ?
2 എഫ്ഐആർ റജിസ്റ്റർ ചെയ്തു. അതിലൊന്നിൽ ആശിഷിന്റെ പേരുണ്ട്. 4 കർഷകർ അടക്കം 8 പേരാണു മരിച്ചത്. രണ്ടു വിഭാഗങ്ങൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നത്. എല്ലാ വശങ്ങളും ആഴത്തിൽ പരിശോധിക്കാൻ ലഖിംപുർ ഖേരി എഎസ്പി: അരുൺ കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ ഏഴംഗ അന്വേഷണ സംഘത്തിനു രൂപം നൽകി.
∙ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാഹനവ്യൂഹമാണോ അപകടമുണ്ടാക്കിയത്?
അന്വേഷണം പൂർത്തിയാകും വരെ ഇക്കാര്യത്തിൽ ഒന്നും പറയാനാവില്ല.
∙ യുപി പൊലീസ് തന്നെ ബലമായി അറസ്റ്റ് ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തെക്കുറിച്ച്?
ക്രമസമാധാനം ഉറപ്പാക്കുകയാണു പൊലീസിന്റെ മുഖ്യ ദൗത്യം. സംഭവസ്ഥലം സന്ദർശിക്കുന്നതിൽ നിന്നു പ്രിയങ്കയെ വിലക്കി സീതാപുർ ജില്ലാ മജിസ്ട്രേട്ടാണ് ഉത്തരവിറക്കിയത്. എല്ലാവർക്കും രാഷ്ട്രീയ നാടകം കളിക്കാനുള്ള അവസരമായി സംഭവം മാറിയത് ക്രമസമാധാന നില അവതാളത്തിലാക്കി. ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കി.
∙ രാഷ്ട്രീയ നേതാക്കൾക്ക് സ്ഥലം സന്ദർശിക്കാൻ അനുമതിയുണ്ടോ?
കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിനാൽ, ഇനി ആർക്കു വേണമെങ്കിലും അവിടേക്കു പോകാം. സന്ദർശിക്കുന്നവരുടെ എണ്ണം അഞ്ചിൽ കൂടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
∙ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം സംബന്ധിച്ച് പരാതിയുയർന്നിരുന്നു. അതേക്കുറിച്ച്?
മരിച്ച 4 കർഷകരിൽ, ഒരാളുടെ കുടുംബമാണ് പോസ്റ്റ്മോർട്ടത്തിൽ അതൃപ്തി അറിയിച്ചത്. അഞ്ചംഗ ഡോക്ടർമാരുടെ സംഘം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. അതിനു ശേഷമാണ് സംസ്കരിച്ചത്.
English summary: Lakhimpur Kheri; UP ADGP responds