ഇപിഎഫ്: ശമ്പളപരിധി 25,000 രൂപയാക്കണമെന്ന് സംഘടനകൾ

Mail This Article
ന്യൂഡൽഹി ∙ ഇപിഎഫ് (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്) പെൻഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള ഉയർന്ന ശമ്പളപരിധി 25,000 രൂപയായി കൂട്ടണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കും. കഴിഞ്ഞ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിലാണ് സംഘടനകൾ ഇക്കാര്യം ഉന്നയിച്ചത്.
നിലവിൽ 15,000 രൂപയാണു പ്രതിമാസ ശമ്പളപരിധി. 2014 ൽ വന്ന ഭേദഗതിക്കു ശേഷം ഇതിൽ കൂടുതൽ ശമ്പളമുള്ളവരെ പെൻഷൻ പദ്ധതിയിൽ ചേർക്കുന്നില്ല. ശമ്പളപരിധി 21,000 രൂപയാക്കി ഇഎസ്ഐക്കു തുല്യമാക്കണമെന്ന വാദം ഉയർന്നിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പെൻഷൻ കാര്യങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട അഡ്ഹോക് സമിതിക്കും ഇതിനോടു യോജിപ്പുണ്ടെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നെങ്കിലും ഇതു ശരിയല്ലെന്ന് അധികൃതർ അറിയിച്ചു. ഇഎസ്ഐ ശമ്പളപരിധി 21,000 രൂപയിൽ നിന്ന് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ ഇഎസ്ഐ കോർപറേഷനു കത്ത് കൊടുത്തിട്ടുമുണ്ട്.
ശമ്പളപരിധി ഉയർത്തുന്നതിനോടു തൊഴിലുടമകൾക്കു യോജിപ്പില്ലെന്നാണു വിവരം. കോവിഡ് പ്രതിസന്ധി മറികടക്കുന്നതുവരെ പരിധി കൂട്ടരുതെന്ന അവരുടെ ആവശ്യവും കേന്ദ്രത്തിനു മുന്നിലുണ്ട്.
English Summary: EPF wage ceiling