കോൺഗ്രസിൽ ചർച്ചകൾ, കൂടിക്കാഴ്ചകൾ; ഉറക്കം വിടാൻ ഒരുക്കം

Mail This Article
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പാർട്ടിയിൽ ചേരുന്നതിന്റെ സൂചനകൾ ശക്തമായതിനു പിന്നാലെ ഭാവി രാഷ്ട്രീയ സഖ്യങ്ങൾ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസ് ക്യാംപിൽ ചൂടുപിടിക്കുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇന്നലെ സോണിയ ഗാന്ധിയെ വസതിയിൽ സന്ദർശിച്ച് ഒരു മണിക്കൂർ ചർച്ച നടത്തി. സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രശാന്തും ഈ സമയം അവിടെയുണ്ടായിരുന്നു.
കശ്മീരിൽ വൈകാതെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുന്നണിയിൽ പിഡിപി, നാഷനൽ കോൺഫറൻസ് എന്നിവയുമായി കൈകോർക്കാനുള്ള സാധ്യത കോൺഗ്രസ് തേടുന്നുണ്ട്. സോണിയയുമായി 3 ദിവസത്തിനിടെ രണ്ടാം തവണ കൂടിക്കാഴ്ച നടത്തിയ പ്രശാന്ത് വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേരാൻ സാധ്യതയേറെയാണ്. കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധി, പി.ചിദംബരം, കെ.സി.വേണുഗോപാൽ, ജയറാം രമേശ്, അംബിക സോണി, മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല തുടങ്ങിയവരും പങ്കെടുത്തു.
പ്രശാന്തിന്റെ ദൗത്യം
പ്രശാന്ത് കോൺഗ്രസിൽ ചേർന്നാൽ 2 ദൗത്യങ്ങളാകും അദ്ദേഹത്തിനു നൽകുക: കോൺഗ്രസിനു സംഘടനാപരമായി കരുത്തുള്ള സംസ്ഥാനങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കുന്നതിനുള്ള തന്ത്രങ്ങളൊരുക്കുക, മറ്റിടങ്ങളിൽ പ്രാദേശിക കക്ഷികളുമായുള്ള രാഷ്ട്രീയ സഖ്യങ്ങൾ രൂപപ്പെടുത്തുക.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരളം, അസം, കർണാടക, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിൽ ഒറ്റയ്ക്കു മത്സരിച്ച് കോൺഗ്രസ് കരുത്തു തെളിയിച്ചാൽ മാത്രമേ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പിടിച്ചുനിൽക്കാൻ സാധിക്കൂവെന്നാണ് പ്രശാന്തിന്റെ വിലയിരുത്തൽ. ഈ സംസ്ഥാനങ്ങളിൽ ആകെ 184 സീറ്റാണുള്ളത്. ഒറ്റയ്ക്കു മത്സരിക്കുന്ന സംസ്ഥാനങ്ങളിൽ യുപി, ഗുജറാത്ത് എന്നിവിടങ്ങളിലും സ്ഥിതി മെച്ചപ്പെടുത്തേണ്ടി വരും.
മമത ബാനർജി (ബംഗാൾ), ശരദ് പവാർ, ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര), എം.കെ.സ്റ്റാലിൻ (തമിഴ്നാട്), ഹേമന്ത് സോറൻ (ജാർഖണ്ഡ്), വൈ.എസ്.ജഗൻമോഹൻ റെഡ്ഡി (ആന്ധ്ര), കെ.ചന്ദ്രശേഖർ റാവു (തെലങ്കാന), തേജസ്വി യാദവ് (ബിഹാർ) എന്നിവരടക്കമുള്ളവരുമായി സീറ്റ് വിഭജനത്തിൽ ധാരണയിലെത്താൻ സഹായിക്കാമെന്ന വാഗ്ദാനവും പ്രശാന്ത് നൽകിയിട്ടുണ്ട്. അതേസമയം, മമത, ജഗൻമോഹൻ, ചന്ദ്രശേഖർ റാവു എന്നിവർ സഖ്യത്തിനു തയാറാകുമോ എന്നതിൽ കോൺഗ്രസിന് സംശയമുണ്ട്.
എതിർപ്പ് അയയുന്നു
പ്രശാന്തിനെ പാർട്ടിയിലെടുക്കുന്നതിനോട് മുൻപ് മുതിർന്ന നേതാക്കളിൽനിന്നുയർന്ന എതിർപ്പ് ഇപ്പോൾ അയഞ്ഞതായാണു സൂചന. പ്രശാന്തിനെ പുറത്തു നിർത്തിയാൽ, ഒരേസമയം അദ്ദേഹം പല പാർട്ടികൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള സാധ്യത കോൺഗ്രസ് കാണുന്നു. പ്രശാന്ത് എത്തിയാൽ, ഭാവി തിരഞ്ഞെടുപ്പുകളിൽ വീഴ്ച സംഭവിച്ചാലും പഴി മുഴുവൻ രാഹുലിന്റെയും ഗാന്ധി കുടുംബത്തിന്റെയും തലയിൽ വരുന്നത് ഒഴിവാക്കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
English Summary: Prashant Kishor, Mehbooba Mufti meet Sonia Gandhi - Updates