ഓഷ്യൻസാറ്റ് വിക്ഷേപണം ഇന്ന്; 9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 54 കുതിച്ചുയരും

Mail This Article
ചെന്നൈ ∙ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 54 ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് ഇന്നു കുതിച്ചുയരും. രാവിലെ 11.56നുള്ള വിക്ഷേപണത്തിനു മുന്നോടിയായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ദൈർഘ്യമേറിയ പ്രക്രിയയും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. വിക്ഷേപണം കഴിഞ്ഞ് 20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം ഓഷ്യൻസാറ്റ് വേർപെടും.
ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6 (ഇഒഎസ്–6). ഭൂട്ടാന്റെ ഉപഗ്രഹങ്ങളും പിക്സൽ വികസിപ്പിച്ചെടുത്ത ‘ആനന്ദ്’ എന്ന ഉപഗ്രഹവും ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുവ സ്‌പേസിന്റെ ‘തൈബോൾട്ട്’ (2 ഉപഗ്രഹങ്ങൾ), യുഎസിലെ ആസ്ട്രോകാസ്റ്റിന്റെ 4 ഉപഗ്രഹങ്ങൾ എന്നിവയും ഇന്നു ഭ്രമണപഥത്തിലെത്തിക്കും.
English Summary: Oceansat satellite launch today