ജീവനക്കാർക്ക് നേരെ കയ്യേറ്റം; വിമാനം തിരിച്ചിറക്കി
Mail This Article
ന്യൂഡൽഹി ∙ ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 2 ജീവനക്കാരെ യാത്രക്കാരൻ കയ്യേറ്റം ചെയ്തതിനെത്തുടർന്ന് 3 മണിക്കൂറിനു ശേഷം വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. പ്രശ്നമുണ്ടാക്കിയ ജസ്കിരത് സിങ്ങിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കൾക്കൊപ്പമാണ് ഇയാൾ യാത്ര ചെയ്തതെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 6.35നു പുറപ്പെട്ട വിമാനം 9.40ന് ആണ് ഡൽഹിയിൽ തിരിച്ചിറക്കിയത്. 225 യാത്രക്കാരുണ്ടായിരുന്ന വിമാനം ഉച്ചകഴിഞ്ഞ് ലണ്ടനിലേക്കു വീണ്ടും യാത്ര തിരിച്ചു.
അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആവർത്തിച്ചു. പെരുമാറ്റദൂഷ്യത്തിനു യാത്രാവിലക്ക് ഏർപ്പെടുത്തുന്ന ‘നോ ഫ്ലൈ ലിസ്റ്റി’ൽ കഴിഞ്ഞ വർഷം 63 യാത്രക്കാരെയാണ് ഉൾപ്പെടുത്തിയത്.
English Summary: Passengers allegedly manhandle Air India cabin crew