ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സ്വന്തം ജീവിതം കൊണ്ട് ഒരുജനതയുടെ ജീവിതത്തെ അടയാളപ്പെടുത്തിയ കവിയാണു ഗദ്ദർ. ഗുമ്മടി വിത്തൽ റാവു എന്ന പേരിനുപകരം വിപ്ലവം എന്നർഥം വരുന്ന ഗദ്ദർ എന്ന പേര് ഈ തെലുങ്കുകവി സ്വീകരിച്ചതു കൃത്യമായ ലക്ഷ്യബോധത്തോടെയാണ്. ജനനാട്യമണ്ഡലി രൂപീകരിച്ചു വിപ്ലവകാരികളോടൊപ്പം ചൊൽകാഴ്ചകളുമായി തെലങ്കാനയിൽ ഉടനീളം സഞ്ചരിച്ചു. അവിടെ മാത്രമായി വിപ്ലവ കാവ്യസഞ്ചാരം ഒതുങ്ങിയില്ല. തഞ്ചാവൂരും കേരളവുമടക്കമുള്ള ഇന്ത്യയിലെ എല്ലാ ഇടവഴികളിലൂടെയും ചിലമ്പും തുടിയും ചെങ്കൊടിയുമായി ഗദ്ദർ സഞ്ചരിച്ചു.

മഹാകവി കുമാരനാശാന്റെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തിനു പ്രഖ്യാപിച്ചുകൊണ്ടു കേരളം ആ വിപ്ലവകവിക്ക് പിന്തുണ നൽകി. പക്ഷേ കൊണ്ടപ്പള്ളി സീതാരാമയ്യയുടെ പീപ്പിൾസ് വാർ ഗ്രൂപ്പുമായി സഹകരിച്ച് ശ്രീകാകുളത്തെ വനമേഖലകളിലായിരുന്നതിനാൽ അദ്ദേഹത്തിന് ആ അവാർഡ് സ്വീകരിക്കാൻ സാധിച്ചില്ല.  

പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ ഹൈദരാബാദ് സമ്മേളനത്തിൽ വച്ചാണു ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത്. അന്നു കവിതകൾ ചൊല്ലി സെക്കന്തരാബാദിന്റെ വീഥികളിലൂടെ അദ്ദേഹം നടത്തിയ വിപ്ലവകാവ്യ സഞ്ചാരത്തിൽ ഒപ്പം കൂടിയത് അഭിമാനത്തോടെ ഓർമിക്കുന്നു. വീണുകിട്ടിയ ആ ഇടവേളയിൽ സമ്മേളനസ്ഥലത്തെ ബുക് സ്റ്റാളിൽ വച്ചു അദ്ദേഹവുമായി സംസാരിച്ചു. അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം ‘കേരളത്തിലെ ആദിവാസികളുടെ ഭൂമിപ്രശ്നം പരിഹരിക്കണം’ എന്നതായിരുന്നു.

തെലങ്കാന സംസ്ഥാന രൂപീകരണ സമയത്തു ഗദ്ദർ ‘അമ്മ തെലങ്കാനമാ’ എന്ന ഗാനത്തിലൂടെ ആവേശത്തിന്റെ വൻതിരകൾ സൃഷ്ടിച്ചു. ഒടുവിൽ ഞാൻ കാണാൻ പോയപ്പോൾ ഗദ്ദറിന്റെ വീട്ടിൽ ആ രാത്രിയിലും കുറേ സഖാക്കൾ പുസ്തകങ്ങളും വാദ്യോപകരണങ്ങളുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഗദ്ദർ പുറത്തുപോയിരിക്കുകയായിരുന്നതിനാൽ ഞങ്ങളും കാത്തിരുന്നു. ഗദ്ദർ വന്നു, വിശ്വസ്തനായ ഒരു സഹോദരനെ പോലെ എന്നെ ആശ്ലേഷിച്ചു.പിന്നീട് ഞങ്ങളെല്ലാം കവിത ചൊല്ലി.

‘ഗദ്ദർ സഖാവേ, മുഴങ്ങുന്നു മണ്ണിന്റെ രക്തത്തിൽ നീ പെയ്ത കാവ്യപ്പെരുമ്പറ’. കവിതയുടെ പതാക പകുതി താഴ്ത്തിക്കെട്ടി ഞാൻ സമസ്ത സങ്കടങ്ങളുമായി നിൽക്കുന്നു.

kureeppuzha
കുരീപ്പുഴ ശ്രീകുമാർ

 

 

അനീതികളോടു പോരാടിയ വിപ്ലവകാരി

 

മണികിലുക്കി, കയ്യിലൊരു വടിയുമായി എത്തിയ ‘ആട്ടിടയനെ’ക്കണ്ട് ഹൈക്കോടതിയിലെ ജഡ്ജിമാരടക്കം അന്തംവിട്ടു. കോടതി നടപടികൾ തടസ്സപ്പെടുത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയപ്പോൾ ഗദ്ദറെ കോടതിയും അനുഭാവപൂർവം കേട്ടു. വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയവരുടെ ശരീരം പൊലീസ് വിട്ടുനൽകുന്നില്ലെന്ന പരാതി പറയാനാണ് ഗദ്ദർ എത്തിയത്. ഗദ്ദറിനെ നിരുപാധികം വിട്ടയയ്ക്കുക മാത്രമല്ല, പൊലീസിന് വിഷയത്തിൽ കോടതി ശക്തമായ ഉത്തരവു നൽകുകയും ചെയ്തു.

ആലംബമില്ലാത്തവർക്കായി ശബ്ദിക്കുക മാത്രമല്ല, അധികാരത്തിലിരിക്കുന്നവരുടെ ബധിരകർണങ്ങൾ തുറക്കാൻ വേണ്ടി എന്തും ചെയ്യാനും മടിച്ചുനിൽക്കാത്തയാളായിരുന്നു ഗദ്ദർ. ജനകീയ പടക്കപ്പൽ എന്ന് പലരും വിളിച്ചു. 

ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ് വിദ്യാർഥിയായിരിക്കെ 1967ൽ ‘ദളിത് പാന്തർ’ പ്രസ്ഥാനത്തിൽ ആകൃഷ്ടനായാണ് ഗദ്ദർ പൊതുരംഗത്ത് എത്തിയത്. ഇതേ സമയത്ത് ബംഗാളിലെ നക്സൽബാരി മുന്നേറ്റവും അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. നക്സൽബാരിയുടെ പിന്നാലെ ശ്രീകാകുളം ഭൂസമരം തുടങ്ങിയപ്പോൾ പ്രവർത്തകരിൽ ആവേശം നിറയ്ക്കാൻ വിപ്ലവഗാനങ്ങൾ എഴുതാൻ തുടങ്ങി.

രാജ്യത്ത് നക്സൽ പ്രസ്ഥാനത്തിന് ഏറ്റവും ശക്തമായ വേരോട്ടമുണ്ടായത് അവിഭക്ത ആന്ധ്രയിലാണ്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ ചെറുപ്പക്കാരായ വിപ്ലവകാരികളെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അപ്പോൾ പൊലീസ് തിരിച്ചടിച്ചത്. വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുന്നവരുടെ ശവശരീരങ്ങൾ ഏറ്റുവാങ്ങുന്ന സംഘടന രൂപീകരിച്ചതോടെ ഗദ്ദർ പൊലീസിന്റെ നോട്ടപ്പുള്ളിയായി. 15 തവണയാണ് ജയിലിൽ കിടന്നത്. 1997ൽ ഹൈദരാബാദിലെ ഭൂദേവി നഗറിലുള്ള വീട്ടിലെത്തിയ അജ്ഞാതൻ നിരവധി തവണ വെടിയുതിർത്തു. മരിച്ചെന്നു കരുതി അക്രമി കടന്നു. ശരീരത്തിൽ നിന്ന് 5 വെടിയുണ്ടകൾ നീക്കം ചെയ്തെങ്കിലും നട്ടെല്ലിലെ വെടിയുണ്ട എടുക്കാനായില്ല. അതുമായാണു പിന്നീട് ജീവിച്ചത്.

 

English Summary: Life of Telangana folk singer Gaddar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com