മൂടൽമഞ്ഞ് കനത്തു; ഡൽഹിയിൽ 100 വിമാനങ്ങൾ വൈകി
Mail This Article
ന്യൂഡൽഹി∙ മൂടൽ മഞ്ഞ് കനത്തതോടെ ഡൽഹിയിൽ ഇറങ്ങേണ്ട 10 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 100 വിമാനങ്ങൾ വൈകി. ഏതാനും സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് സംഘത്തിന്റെ വിമാനവും മണിക്കൂറുകൾ വൈകിയാണു പുറപ്പെട്ടത്.
പുലർച്ചെ 5ന് യാത്രക്കാരെ കയറ്റിയ ഒരു വിമാനത്തിന് മൂടൽമഞ്ഞു കാരണം ടേക്ക് ഓഫ് ചെയ്യാൻ സാധിച്ചില്ല. നിർത്തിയിട്ട വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം ഇരുത്തിയ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനാൽ സമയം പുനഃക്രമീകരിച്ച് 11.30നാണ് വിമാനം പുറപ്പെട്ടത്. ഒട്ടേറെ ട്രെയിനുകളും മണിക്കൂറുകൾ വൈകി.
മൂടൽമഞ്ഞ്: വിമാനം മണിക്കൂറുകൾ വൈകി
നെടുമ്പാശേരി ∙ മൂടൽമഞ്ഞിനെ തുടർന്ന് എയർഇന്ത്യയുടെ ഡൽഹി–കൊച്ചി, കൊച്ചി–ദുബായ് വിമാനങ്ങൾ ഇന്നലെ ഏറെ വൈകി. ഇന്നലെ രാവിലെ 8.40ന് ഡൽഹിയിൽ നിന്നെത്തി 9.45ന് ദുബായിലേക്ക് പോകേണ്ട വിമാനമാണിത്. രാത്രിയായിട്ടും വിമാനം എത്താതായതോടെ കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാർ വലഞ്ഞു. മഞ്ഞിനെ തുടർന്ന് എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും മറ്റു ചില വിമാനങ്ങളും വൈകിയിരുന്നു.
തണുപ്പകറ്റാൻ കൽക്കരി കത്തിച്ചു; വിഷപ്പുക ശ്വസിച്ച് 6 മരണം
ന്യൂഡൽഹി∙ തണുപ്പകറ്റാൻ കത്തിച്ചു വച്ച കൽക്കരി അടുപ്പിൽ നിന്നു വിഷവാതകം ശ്വസിച്ച് 2 സംഭവങ്ങളിലായി ആറുപേർ മരിച്ചു. അലിപ്പുരിൽ യുവാവും ഭാര്യയും രണ്ടു മക്കളും ആണു മരിച്ചത്. ഇന്ദർപുരിയിൽ രണ്ട് നേപ്പാൾ സ്വദേശികളും മരിച്ചു.
അലിപ്പുരിലെ കുടുംബം രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് സമീപത്തുള്ള ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ 4 പേരും അബോധാവസ്ഥയിലായിരുന്നു. ഇന്നലെ പുലർച്ചെ ഡൽഹിയിൽ 3.2 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില.