ആൾക്കൂട്ടത്തെ കയ്യിലെടുത്ത് പവൻ സിങ്; ബിഹാറിൽ ബിജെപിക്ക് തലവേദന
Mail This Article
പട്ന ∙ ബിഹാറിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഭോജ്പുരി സൂപ്പർതാരം പവൻ സിങ് ബിജെപിക്ക് തലവേദനയായി. കാരാക്കാട്ട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന പവൻ സിങ്ങിനെ ബിജെപി പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കിയിട്ടുണ്ട്. എന്നാൽ, വൻ ജനക്കൂട്ടമാണ് പവൻ സിങ്ങിന്റെ യോഗങ്ങൾക്കെത്തുന്നതെന്നത് പാർട്ടിയെ ആശങ്കപ്പെടുത്തുന്നു.
രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) നേതാവ് ഉപേന്ദ്ര ഖുശ്വാഹയാണ് കാരാക്കാട്ട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. ഘടകകക്ഷിക്ക് സീറ്റ് കൊടുത്തതിൽ അതൃപ്തരായ ഒരുവിഭാഗം ബിജെപിക്കാർ പവൻ സിങ്ങിനെ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് ഇവിടെ റാലി നടത്താനിരിക്കെയാണ് പുതിയ സ്ഥിതിവിശേഷം സംജാതമായത്. ജൂൺ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ്.
ദീർഘകാലമായി ബിജെപി അംഗമാണ് പവൻ സിങ്. ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ബോളിവുഡ് താരം ശത്രുഘ്നൻ സിൻഹയ്ക്കെതിരെ മത്സരിക്കാൻ ബിജെപി ആവശ്യപ്പെട്ടെങ്കിലും പവൻ സിങ് തയാറായില്ല.
ജന്മസ്ഥലം ഉൾപ്പെടുന്ന ബിഹാറിലെ ആറ മണ്ഡലത്തിൽ മത്സരിക്കാനാണ് പവൻ ആഗ്രഹിച്ചത്. എന്നാൽ, അതു ബിജെപിക്ക് സ്വീകാര്യമായില്ല. തുടർന്നാണു കാരാക്കട്ട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി താരം രംഗത്തെത്തിയത്. ഗായകൻ കൂടിയായ പവൻ സിങ്ങിന്റെ പല പാട്ടുകളും സ്ത്രീവിരുദ്ധ, ബംഗാളി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.