ADVERTISEMENT

ചെന്നൈ ∙ റെഡ് അലർട്ടിന്റെ ഭീതിക്കിടെ മഴ വഴിമാറിയതു ചെന്നൈയ്ക്ക് ആശ്വാസമായെങ്കിലും തുടർ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ നിന്ന് ബെംഗളൂരു കരകയറിയിട്ടില്ല. ചൊവ്വാഴ്ച മാത്രം ചെന്നൈയിൽ 143.3 മില്ലിമീറ്റർ മഴയാണു പെയ്തിറങ്ങിയത്.

ഇത് പ്രതീക്ഷിച്ചതിലും 2107% അധികമാണെന്നു കാലാവസ്ഥാ വകുപ്പ് പറയുന്നു. നഗരത്തിലെ പ്രധാന റോഡുകളിൽ നിന്ന് വെള്ളക്കെട്ട് ഒഴിഞ്ഞതോടെ ട്രെയിൻ, മെട്രോ, സബേർബൻ സർവീസുകൾ തടസ്സപ്പെട്ടില്ല. താഴ്ന്ന പ്രദേശങ്ങളായ പട്ടാളം, വേളാച്ചേരി, പുളിയന്തോപ്പ്, പള്ളിക്കരണി എന്നിവിടങ്ങളിൽ നിന്ന് വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല.

മഴക്കെടുതിയിൽ ഇത്തവണ രണ്ടുപേരാണു മരിച്ചത്. പഴനിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണു തലയ്ക്കു പരുക്കേറ്റ വീട്ടമ്മയും ചെന്നൈയിൽ വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളിയുമാണു മരിച്ചത്. ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണു കാലാവസ്ഥ മുന്നറിയിപ്പ്. 

ബെംഗളൂരുവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും അൻപതിലേറെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തടാകങ്ങളും മഴവെള്ള കനാലുകളും നിറഞ്ഞു കവിഞ്ഞ് ഇരുന്നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. യെലഹങ്ക മേഖലയിലെ വീടുകളിൽ കുടുങ്ങിയ ആളുകളെ ട്രാക്ടറുകളിലാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്.

ഹോറമാവ് ശ്രീസായി ലേഒൗട്ട്, ഒൗട്ടർ റിങ് റോഡിലെ മാന്യത ടെക് പാർക്ക്, ബെളഗെരെ റോഡ്, മഹാദേവപുര, ബെള്ളാരി റോഡ്, ബാഗലൂരു, ദോഡ്ഡബെല്ലാപുര റോഡ്, ജക്കൂർ, ബയട്രായനപുര, പുട്ടേനഹള്ളി, ബെലന്തൂർ റോഡ് എന്നിവിടങ്ങളിലാണു വെള്ളക്കെട്ട് തുടരുന്നത്. നഗരത്തിൽ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com