അലഹാബാദ് ഹൈക്കോടതി ജഡ്ജിയുടെ പ്രസംഗത്തിന് എതിരെ പ്രതിഷേധം
Mail This Article
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ നിയമവേദി നടത്തിയ ചടങ്ങിൽ പങ്കെടുത്ത് അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദുസ്ഥാനാണ് ഇന്ത്യയെന്നു പ്രഖ്യാപിക്കാൻ മടിയില്ലെന്നു പറഞ്ഞ അദ്ദേഹം, ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നും പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുടുംബത്തിന്റെ കാര്യത്തിലായാലും സമൂഹത്തിന്റെ കാര്യത്തിലായാലും ഭൂരിപക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നതാണ് നിയമം. ഭൂരിപക്ഷത്തിന്റെ താൽപര്യവും ക്ഷേമവും സന്തോഷവുമാണ് സ്വീകരിക്കപ്പെടേണ്ടതെന്നായിരുന്നു ജസ്റ്റിസ് ശേഖറിന്റെ പരാമർ ശമെന്നാണ് റിപ്പോർട്ടുകളിലുള്ളത്. സമൂഹമാധ്യമങ്ങളിൽ വലിയ രോഷമാണ് ജസ്റ്റിസ് ശേഖറിനെതിരെ ഉയർന്നത്. ശേഖറിന്റെ നഗ്നമായ വിദ്വേഷ പ്രസംഗമാണെന്നു സിപിഎം ചൂണ്ടിക്കാട്ടി. അലഹാബാദ് ഹൈക്കോടതിയുടെ ലൈബ്രറി ഹാളിൽ കഴിഞ്ഞ 11നു നടന്ന ചടങ്ങിലായിരുന്നു വിവാദ പരാമർശം. പശുവും ഗീതയും ഗംഗയും ഇന്ത്യൻ സംസ്കൃതിയെ പ്രതിനിധീകരിക്കുന്നുവെന്നു പറഞ്ഞാണ് 34 മിനിറ്റ് പ്രസംഗം അദ്ദേഹം ആരംഭിച്ചത്. ഏകീകൃത സിവിൽ കോഡ്– ഭരണഘടനാപരമായ അനിവാര്യത എന്ന വിഷയത്തിലായിരുന്നു പ്രസംഗം.