ADVERTISEMENT

കൊച്ചി ∙ രണ്ടു സീറ്റെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് (എം) ഉറച്ചു നിൽക്കെ യുഡിഎഫ് സീറ്റു വിഭജന ചർച്ചകൾ ഇന്നു കൊച്ചിയിൽ നടക്കും. സീറ്റ് മാറ്റത്തിനോ, ഘടകകക്ഷികൾക്കു കൂടുതൽ സീറ്റ് നൽകാനോ തയാറല്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളം ഗെസ്റ്റ് ഹൗസിലാണു ഓരോ ഘടകകക്ഷിയുമായും വെവ്വേറെ ചർച്ച. കോൺഗ്രസിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർ പങ്കെടുക്കും. ജാഥ നടക്കുന്നതിനാൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കുന്നില്ല.  

അനുനയത്തിന് ശ്രമിക്കും

ഘടകകക്ഷികൾ ഇപ്പോൾ മത്സരിക്കുന്നതിനേക്കാൾ ഒരു സീറ്റ് പോലും അധികം നൽകാനാവില്ലെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. കേരള കോൺഗ്രസ് ( എം ) ലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണ് 2 സീറ്റ് ആവശ്യമെന്നു കോൺഗ്രസ് കരുതുന്നു. കേരള കോൺഗ്രസിനു 2 സീറ്റു നൽകിയാൽ 3 സീറ്റെന്ന ആവശ്യം മുസ്‍ലിം ലീഗ് കടുപ്പിക്കും.

മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തർക്കങ്ങളിലേക്കു കേരള കോൺഗ്രസ് പോകരുതെന്ന് ഇന്നത്തെ ചർച്ചയിൽ കോൺഗ്രസ് അഭ്യർഥിക്കും. കോൺഗ്രസിനു ലഭിക്കാമായിരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകിയതു പാർട്ടിക്കകത്ത് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയല്ലെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടും.

ലീഗ്, കേരള കോൺഗ്രസ് ( എം ) എന്നീ കക്ഷികൾക്കു പുറമേ ആർഎസ്പിക്കു മാത്രമേ യുഡിഎഫിൽ പാർലമെന്റ് സീറ്റുള്ളു. എം. പി. വീരേന്ദ്രകുമാർ കഴിഞ്ഞ തവണ മത്സരിച്ച പാലക്കാട് കോൺഗ്രസ് തിരിച്ചെടുക്കും. യുഡിഎഫിലെ ഏതാണ്ട് എല്ലാ ഘടകകക്ഷികളും സീറ്റു ചോദിച്ചിട്ടുണ്ടെങ്കിലും അവരെയെല്ലാം കേട്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താനാണു കോൺഗ്രസ് തീരുമാനം. 

അമ്പരപ്പിച്ച് ജോസഫ്

മത്സരിക്കാനുള്ള താൽപര്യം പി.ജെ. ജോസഫ് തുറന്നു പ്രകടിപ്പിച്ചതു കോൺഗ്രസിനെയും അമ്പരപ്പിച്ചു. ജോസഫിനെപ്പോലൊരാൾ സ്ഥാനാർഥിയാകാമെന്നു പറഞ്ഞാൽ ആ ആവശ്യം പാർട്ടിക്കോ യുഡിഎഫിനോ പെട്ടെന്നു നിരാകരിക്കാനാവില്ല. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരുവിഭാഗത്തിനും കോൺഗ്രസിനും സ്വീകാര്യനായ സ്ഥാനാർഥി എന്ന നിർദേശം ഉയരുന്നുണ്ട്.

ജോസഫിനെ സന്ദർശിച്ച് ജോണി നെല്ലൂർ

തൊടുപുഴ ∙  കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാനും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനെ പുറപ്പുഴയിലെ വീട്ടിൽ സന്ദർശിച്ചു ചർച്ച നടത്തി. വിഷയം പരിഹരിക്കാൻ ശ്രമിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ അഭ്യർഥിച്ച പ്രകാരമാണു സന്ദർശനമെന്നു ജോണി നെല്ലൂർ പറഞ്ഞു.

English Summary: Congress not to accept extra seat demand by alliance partners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com