പടിപൂജ തൊഴാൻ ആയിരങ്ങൾ

Mail This Article
ശബരിമല ∙ ഭക്തർക്ക് സുകൃത ദർശനമായി സന്നിധാനത്ത് പടിപൂജ. 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മണ്ഡല കാലത്ത് ആദ്യമായി നടന്ന പടിപൂജ തൊഴാൻ വൻതിരക്കായിരുന്നു. ദീപാരാധന കഴിഞ്ഞതോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ആദ്യം കലശപൂജ നടന്നു. ഓരോ പടിയിലും കുടികൊള്ളുന്ന ദേവതകളെ പൂജിച്ചു. അഭിഷേകം ചെയ്ത് നിവേദ്യത്തോടെ ദീപാരാധന നടത്തിയാണ് ചടങ്ങ് അവസാനിച്ചത്. മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി സഹകാർമികത്വം വഹിച്ചു.
വൈകിട്ട് നട തുറന്നപ്പോൾ ദർശനം നടത്തിയ ഭക്തർ പടിപൂജ കാണാൻ കാത്തിരുന്നു. ഉച്ചയ്ക്കു പെയ്ത കനത്ത മഴയെ തുടർന്നു തറ മുഴുവൻ നനഞ്ഞു കിടന്നത് അവഗണിച്ചാണ് അവർ കാത്തിരുന്നത്. കഴിഞ്ഞ വർഷം പ്രളയം കാരണം നടക്കാതെ പോയ പടിപൂജയാണ് ഇപ്പോൾ നടത്തുന്നത്. 24 വരെ ദിവസവും ഉണ്ടാകും. 2036 വരെയുള്ള പടിപൂജയുടെ ബുക്കിങ് കഴിഞ്ഞു. 75,000 രൂപയാണ് അടയ്ക്കേണ്ടത്.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ 3.00
അഭിഷേകം 3.30 –11.30
കളഭാഭിഷേകം 12.00
ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00
വൈകിട്ട് നടതുറക്കൽ 4.00
പടിപൂജ 7.00
ഹരിവരാസനം 10.50
നട അടയ്ക്കൽ 11.00