കുറ്റകൃത്യമോ..? ഇനി തത്സമയം പൊലീസ് !
Mail This Article
തിരുവനന്തപുരം ∙ അക്രമമോ മോഷണശ്രമമോ തത്സമയം കണ്ടു കുറ്റവാളികളെ പിടികൂടാൻ സഹായിക്കുന്ന സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) സംസ്ഥാനത്ത് നിലവിൽ വന്നു. സിഐഎംഎസ് സജ്ജമാക്കിയ സ്ഥാപനങ്ങളിൽ ആരെങ്കിലും അതിക്രമിച്ചു കടന്നാൽ 3 മുതൽ 7 വരെ സെക്കൻഡിനുള്ളിൽ പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ അറിയിപ്പും വിഡിയോ ദൃശ്യവും ലഭിക്കും. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തും. ഉടമയ്ക്ക് മൊബൈൽ സന്ദേശവും നൽകും. ബാങ്ക്, വ്യാപാര സ്ഥാപനങ്ങൾ, ജ്വല്ലറികൾ, വീടുകൾ, എടിഎമ്മുകൾ എന്നിങ്ങനെ എവിടെയും ഈ സംവിധാനം ഏർപ്പെടുത്താം.
രാജ്യത്ത് ആദ്യമായാണ് സിഐഎംഎസ് ഏർപ്പെടുത്തുന്നത്. മലേഷ്യയിലും ദുബായിലും ഈ സംവിധാനം ഉണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
ഫീസ് നൽകി സംവിധാനം സ്ഥാപിക്കാം
∙ സുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങൾക്കു മാസം 500 മുതൽ 1000 രൂപ വരെ ഫീസ് നൽകി ഇതു സ്ഥാപിക്കാം. സെൻസറുകളുടെയും ക്യാമറയുടെയും എണ്ണത്തിൽ വ്യത്യാസം വരും. കുറഞ്ഞത് 80,000 രൂപയാണു ചെലവ്.
English Summary: Central intrusion monitoring system