കോവിഡ് കാലത്തെ ഏകാന്തത പോലൊന്നു മുമ്പ് അനുഭവിച്ചിട്ടില്ല; ഗൗരിയമ്മ @ 102

Mail This Article
ആലപ്പുഴ ∙ പുറത്ത് കോവിഡിന്റെ ദുരിതമാണെന്ന് അറിയാമെങ്കിലും അത് ഇത്രത്തോളം പൊല്ലാപ്പുണ്ടാക്കിയെന്നു ഗൗരിയമ്മയ്ക്കു മനസ്സിലായിട്ടില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ഗൗരിയമ്മയുടെ കൂട്ടായിരുന്ന ടിവി നാലു മാസത്തിലേറെയായി പണിമുടക്കിലാണ്. പത്രത്തിലെ വലിയ തലക്കെട്ടുകൾ ഒന്നു വായിച്ചു നോക്കും.
മറ്റു വാർത്തകൾ ആരെങ്കിലും വായിച്ചു കേൾപ്പിക്കും. 101 വയസ്സിനിടയിൽ ഇതുപോലൊരു ഏകാന്തത ഗൗരിയമ്മ അനുഭവിച്ചിട്ടുണ്ടാകില്ല. റിവേഴ്സ് ക്വാറന്റീനിലായതിനാൽ പുറത്തേക്കിറങ്ങാറില്ല, സന്ദർശകരെ അനുവദിക്കാറുമില്ല. എങ്കിലും ഇടയ്ക്ക് ആലപ്പുഴ ചാത്തനാട്ടെ കളത്തിൽപറമ്പിൽ വീടിന്റെ മുറ്റത്തേക്കിറങ്ങും, മാവിന്മേൽ നോക്കും; മുറ്റത്തു പഴുത്ത മാങ്ങ കിടപ്പുണ്ടോയെന്നും!
കഴിഞ്ഞ സെപ്റ്റംബറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചുനാൾ ചികിത്സ തേടിയതു മാത്രമാണ് വീടിനു പുറത്തേക്ക് അടുത്തകാലത്ത് നടത്തിയ യാത്ര. സഹോദരി ഭാരതിയുടെ മകൾ ഇൻഡസ് ആണ് വീട്ടിൽ സഹായത്തിനുള്ളത്. രാവിലെ അൽപം ഓട്സ്, ഒരു ഇഡ്ഡലി. ഉച്ചയ്ക്ക് ഒരു ടേബിൾ സ്പൂൺ ചോറ്, വറുത്ത മീൻ ഉണ്ടെങ്കിൽ സന്തോഷം. കുറച്ചു പച്ചക്കറി. വൈകിട്ട് ഓട്സ്. ഗൗരിയമ്മയുടെ ആഹാരവിശേഷം ഇത്രമാത്രം.

കത്തിലൂടെ തുടരുന്ന ബന്ധം
മകൾ വീണയുടെ വിവാഹവിവരം അറിയിക്കാൻ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മയെ വിളിച്ചു. ആശംസ നേരിട്ട് അറിയിച്ചു; കത്തെഴുതുകയും ചെയ്തു, ഗൗരിയമ്മ. എം.പി.വീരേന്ദ്രകുമാറിന്റെ മരണവിവരം അറിഞ്ഞ് കുടുംബത്തിന് അനുശോചനക്കത്തുമെഴുതി. ഫോണിലൂടെ അധികമാരോടും സംസാരിക്കാറില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ അടുപ്പമുള്ളവർക്കു ഗൗരിയമ്മ കത്തെഴുതുന്നുണ്ട്.
പിറന്നാളിന് പാൽപ്പായസം
മിഥുനത്തിലെ തിരുവോണമായ നാളെയാണ് ഗൗരിയമ്മയുടെ പിറന്നാൾ. ഗൗരിയമ്മയ്ക്ക് ഇഷ്ടമല്ലെങ്കിൽ പോലും കുറെക്കാലമായി ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷങ്ങളില്ലാതെ കടന്നുപോയിട്ടില്ല. എന്നാൽ ഇക്കൊല്ലം ആഘോഷം ഒന്നും വേണ്ടെന്ന് ഗൗരിയമ്മ നിർദേശിച്ചിട്ടുണ്ട്. എങ്കിലും, പതിവുള്ള അമ്പലപ്പുഴ പാൽപ്പായസം ഇത്തവണയുമുണ്ട്.
English summary: K.R. Gowri Amma birthday