നിർമാണത്തിനിടെ ബോംബ് പൊട്ടി ടിപി കേസിൽ പ്രതി ചേർക്കപ്പെട്ടയാൾ ഉൾപ്പെടെ 3 പേർക്ക് പരുക്ക്

Mail This Article
കതിരൂർ ∙ പൊന്ന്യം തെക്കേതയ്യിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന സിപിഎം പ്രവർത്തകനടക്കം മൂന്നു പേർക്കു പരുക്ക്. പരുക്കേറ്റ് ഗുരുതര നിലയിൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഴിയൂർ സ്വദേശി റമീഷ് (32) ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ 28ാം പ്രതിയായിരുന്നു. തെളിവില്ലെന്നു കണ്ട് കോടതി വിട്ടയയ്ക്കുകയായിരുന്നു. റമീഷിന്റെ ഇരു കൈപ്പത്തികളും സ്ഫോടനത്തിൽ തകർന്ന നിലയിലാണ്.
ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജൂട്ടി(42)ക്കും മറ്റൊരാൾക്കും പരുക്കേറ്റതായി പൊലീസ് പറഞ്ഞു. പരുക്കേറ്റ ഇവർ എവിടെയെന്ന് പൊലീസിനു വ്യക്തതയില്ല. ആറംഗ സംഘമാണ് ബോംബ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നതെന്നും 3 പേർ ഓടിപ്പോയതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് സ്ഫോടന സ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ടാർപോളിൻ ഷീറ്റ് കെട്ടി താൽക്കാലികമായി ഉണ്ടാക്കിയ ഷെഡിലാണു സ്ഫോടനം നടന്നത്. നാടൻ ബോംബുണ്ടാക്കുമ്പോഴാണു സ്ഫോടനം. പുതുതായി നിർമിച്ച 12 സ്റ്റീൽ ബോംബുകൾ സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു. സ്ഫോടനം നടന്ന ഷെഡിൽ രക്തം പടർന്നിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തി.
ബോംബ് നിർമാണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് എന്നിവർ ആരോപിച്ചു. സംഭവത്തിൽ സിപിഎമ്മിനു ബന്ധമില്ലെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി.പവിത്രൻ പറഞ്ഞു.
English summary: Bomb explosion Kannur