ലക്ഷങ്ങൾ വാങ്ങി വ്യാജ നിയമന ഉത്തരവുകൾ: സരിതയ്ക്കെതിരെ ജാമ്യമില്ലാ കേസ്

Mail This Article
തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവുകൾ നൽകിയ കേസിൽ സോളർ വിവാദത്തിൽപെട്ട സരിത എസ്.നായർക്കെതിരെ ജാമ്യമില്ലാ കേസ്.
കുന്നത്തുകാൽ പഞ്ചായത്തിലെ സിപിഐ സ്ഥാനാർഥി ടി. രതീഷ്, പൊതുപ്രവർത്തകൻ ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികൾ. വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി 2 പേരാണു നെയ്യാറ്റിൻകര പൊലീസിനു പരാതി നൽകിയത്. സംഘം ഇരുപതിലേറെ യുവാക്കളിൽ നിന്നു പണം തട്ടിയതായാണു പൊലീസിനു ലഭിച്ച വിവരം.
രതീഷും ഷാജുവും ചേർന്നാണു പണപ്പിരിവു നടത്തിയത്. 2018 ഡിസംബറിൽ ഇവർ പണപ്പിരിവു നടത്തിയെങ്കിലും ജോലി നൽകാനായില്ല. തുക തിരികെ ലഭിക്കാൻ പ്രതികൾക്കുമേൽ സമ്മർദം ചെലുത്തിയപ്പോഴാണു സരിത വിളിക്കുന്നതെന്നു പരാതിക്കാർ ഇന്നലെ പൊലീസിനു മൊഴി നൽകി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്നു സ്വയം പരിചയപ്പെടുത്തിയാണു സരിത സംസാരിച്ചത്. പിന്നീട് ഇവർ തന്റെ യഥാർഥ വിലാസം വെളിപ്പെടുത്തി. ബവ്റിജസ് കോർപറേഷനിൽ ജോലിക്കു 10 ലക്ഷം കൊടുത്തെന്നു പറഞ്ഞപ്പോൾ ഒരു ലക്ഷം രൂപ വേണമെന്നു സരിത ആവശ്യപ്പെട്ടു. ഇതനുസരിച്ച് സരിതയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. ഇതിന്റെ രേഖകൾ പൊലീസ് കണ്ടെടുത്തു.
Content Highlights: Fake job offer: Case against Saritha Nair