ADVERTISEMENT

ആലപ്പുഴ ∙ വഴിക്കണ്ണുമായി നെടുനാൾ കാത്തിരുന്നവർക്കു മുന്നിൽ പുതുപാത തുറന്നു; ആലപ്പുഴ ബൈപാസ് കേരളത്തിന്റെ യാത്രയുടെ ഭാഗമായി. വെയിലിൽ തിളങ്ങിയ കടൽ കണ്ട് ഉയരപ്പാതയിലൂടെ ജനങ്ങൾ നിറഞ്ഞുനീങ്ങി.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞ് ആരംഭിച്ച ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു ബൈപാസ് നാടിനു സമർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ എന്നിവർ ഓൺലൈനായി പങ്കെടുത്തു. ബൈപാസിന്റെ തെക്കേയറ്റമായ കളർകോട്ടു നടന്ന സമ്മേളനത്തിൽ മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, പി.തിലോത്തമൻ, എ.എം.ആരിഫ് എംപി, നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവർ സംബന്ധിച്ചു.

കയറും റബറും റോഡ്, ക്രാഷ് ബാരിയർ നിർമാണത്തിൽ ഉപയോഗിക്കുന്നതിനെപ്പറ്റി ഡൽഹിയിലെത്തുമ്പോൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ നിതിൻ ഗഡ്കരി ക്ഷണിച്ചു. തമിഴ്നാട്ടിലെപ്പോലെ റോഡപകടങ്ങൾ കുറയ്ക്കാൻ കേരളവും കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.  ഇക്കാര്യം അടുത്ത തവണ ഡൽഹിയിലെത്തുമ്പോൾ ചർച്ച ചെയ്യാമെന്നും കോവിഡ് കാരണമാണ് ഡൽഹിയിൽ എത്താത്തത് എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റോഡപകടങ്ങൾ കുറയ്ക്കുന്നതു ഗൗരവമായി കാണുമെന്നും അപകട നിരക്ക് 50% ആയി കുറയ്ക്കുകയാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്മേളന വേദിയിൽ ശിലാഫലകം അനാഛാദനവും വിളക്കു കൊളുത്തലും നടത്തിയ ശേഷം മന്ത്രി ജി.സുധാകരൻ നാട മുറിച്ച് ബൈപാസിൽ ആദ്യ യാത്ര നടത്തി. ബൈപാസിന്റെ വടക്കേയറ്റമായ കൊമ്മാടിയിൽ മന്ത്രി തോമസ് ഐസക് നാട മുറിച്ചു. പുതിയ പാതയിലൂടെ യാത്ര ചെയ്യാനെത്തിയവരുടെ തിരക്ക് രാത്രി വരെ തുടർന്നു.

ഉദ്ഘാടനച്ചടങ്ങിനു കെ.സി.വേണുഗോപാൽ എംപിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉദ്ഘാടന സ്ഥലത്തേക്കു പ്രകടനം നടത്തി.

സംസ്ഥാനത്തെ നീളമേറിയ ബീച്ച് മേൽപാലം

സംസ്ഥാനത്ത് ബീച്ചിലൂടെയുള്ള ഏറ്റവും നീളമേറിയ മേൽപാലമാണ് ആലപ്പുഴയിലേത്. ആകെ 6.8 കിലോമീറ്ററുള്ള ബൈപാസിൽ 3.2 കിലോമീറ്റർ മേൽപാലമാണ്. 1.5 കിലോമീറ്റർ അപ്രോച്ച് റോഡും 2.6 കിലോമീറ്റർ സർവീസ് റോഡുമുണ്ട്.

ക്ഷണിക്കാത്ത വേദിയിൽ കെ.സി.വേണുഗോപാലിന് പ്രസംഗിക്കാൻ ക്ഷണം

ആലപ്പുഴ ∙ ബൈപാസ് ഉദ്ഘാടന ചടങ്ങിലേക്കു വിളിക്കാത്ത കെ.സി.വേണുഗോപാൽ എംപിക്കു വേദിയിൽ പ്രസംഗിക്കാൻ ക്ഷണം. ഡൽഹിയിൽനിന്നു പരിപാടി നിയന്ത്രിച്ചയാൾ, വേണുഗോപാൽ വേദിയിൽ ഇല്ലെന്നറിയാതെ ക്ഷണിച്ച ശേഷം അൽപസമയം പ്രസംഗത്തിനായി കാത്തു. വേണുഗോപാൽ എത്തിയിട്ടില്ലെന്നു മന്ത്രി ജി.സുധാകരൻ അറിയിച്ചതോടെയാണ് അടുത്തയാളെ ക്ഷണിച്ചത്. 

തന്നെ വിളിച്ചാലല്ലേ പങ്കെടുക്കാൻ പറ്റൂ എന്നായിരുന്നു ഇതേപ്പറ്റി വേണുഗോപാൽ മാധ്യമങ്ങളോടു പ്രതികരിച്ചത്. ക്ഷണക്കത്തു പോലും ആരും നൽകിയില്ല. രാജ്യസഭാംഗങ്ങളായ എ.കെ.ആന്റണിയെയും വയലാർ രവിയെയും ക്ഷണിച്ചില്ല. കേന്ദ്ര സർക്കാരിന്റെ പരിപാടിയിൽ എംപിമാരെ വിളിക്കേണ്ടതാണ്. വിളിക്കാത്തതിൽ പ്രശ്നമില്ല, ജനങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസ് സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കിയ പദ്ധതിയാണിത് – വേണുഗോപാൽ പറഞ്ഞു.

ആലപ്പുഴ ബൈപാസ് വൈകിയതിന് സർക്കാർ മാപ്പുപറയണം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം ∙ പിണറായി സർക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വർഷം വൈകിയാണു പൂർത്തിയായതെന്നും ഇതിനു സർക്കാർ ജനങ്ങളോടു മാപ്പുപറയണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

2017 ഓഗസ്റ്റ് 14ന് പൂർത്തിയാക്കേണ്ട  പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 30% പണി നടത്തിയിട്ടാണ്  2016ൽ യുഡിഎഫ് സർക്കാർ അധികാരം വിട്ടത്. സ്വന്തമായി പദ്ധതി ഒന്നും ഇല്ലാത്ത ഇടതു സർക്കാരിന് യുഡിഎഫിന്റെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പോലും സാധിച്ചില്ല. 

ആലപ്പുഴ ബൈപാസ് കേന്ദ്ര സർക്കാരിന്റെ ചെലവിൽ നിർമിക്കാനുള്ള ശ്രമം നീണ്ടപ്പോഴാണു  കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെലവ് തുല്യം വഹിക്കാമെന്ന  സുപ്രധാന തീരുമാനം 2013 ഓഗസ്റ്റ് 31ന്  എടുത്തത്. നാലു ദശാബ്ദത്തിലധികം നിർജീവമായി കിടന്ന കൊല്ലം, ആലപ്പുഴ ബൈപാസുകൾക്ക് ഇതോടെ ജീവൻ കിട്ടി.  ഇന്ത്യയിൽ ആദ്യമായാണ് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തുല്യമായി തുക വിനിയോഗിച്ചു പദ്ധതി നടപ്പാക്കിയത്. സംസ്ഥാന വിഹിതമായി  കൊല്ലത്തിന് 352 കോടിയും ആലപ്പുഴയ്ക്ക് 348.43 കോടിയും അനുവദിച്ച് 2015 ഫെബ്രുവരി 11ന് ഉത്തരവിറക്കി. 2015 മാർച്ച് 16 ന് പണി തുടങ്ങി – ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

ആരോപണം നിരുത്തരവാദപരം: പിണറായി

തിരുവനന്തപുരം ∙ ആലപ്പുഴ ബൈപാസ് നിർമാണം ഈ സർക്കാർ വൈകിപ്പിച്ചെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോപണം നിരുത്തരവാദപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുത ജനങ്ങൾക്കു മനസ്സിലാകും. 40 വർഷമായി എങ്ങുമെത്താതെ കിടന്ന പദ്ധതിയാണത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കാവുന്ന നിലയിലായിരുന്നില്ല. ഈ സർക്കാർ കാര്യങ്ങൾ അതിവേഗം നീക്കി - മുഖ്യമന്ത്രി പറഞ്ഞു.

English Summary : Alappuzha Bypass inaugration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com