കാർഗോ ലിഫ്റ്റിൽ പോകുമ്പോൾ തല ഫ്രെയിമിൽ ഇടിച്ചു ജീവനക്കാരന് ദാരുണാന്ത്യം
![lift-accident lift-accident](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/5/10/lift-accident.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ സാനിറ്ററി ഉൽപന്നങ്ങൾ വിൽക്കുന്ന കടയിലെ കാർഗോ ലിഫ്റ്റിൽ മുകൾ നിലയിലേക്കു പോകുമ്പോൾ ലിഫ്റ്റിന്റെ ഇരുമ്പു ഫ്രെയിമിൽ തലയിടിച്ചു കുരുങ്ങി ജീവനക്കാരനു ദാരുണാന്ത്യം. കവടിയാർ– പേരൂർക്കട റോഡിൽ അമ്പലംമുക്ക് ജംക്‌ഷനു സമീപം എസ്കെപി സാനിറ്ററി സ്റ്റോഴ്സിലുണ്ടായ അപകടത്തിൽ നേമം ചാട്ടുമുക്ക് ലക്ഷ്മി നിലയത്തിൽ കെ.ജി.സതീഷ് കുമാർ (58) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെ കാർഗോ ലിഫ്റ്റിൽ സാധനങ്ങളുമായി മൂന്നാം നിലയിലേക്കു പോകുമ്പോഴായിരുന്നു അപകടം. മറയോ ചുറ്റുവേലിയോ ഇല്ലാത്ത ലിഫ്റ്റിന്റെ പ്രവർത്തനത്തിനു വേണ്ടി ഭിത്തിയിൽ ഇരുമ്പു ഫ്രെയിം ഉറപ്പിച്ചിരുന്നു. തള്ളി നിന്നിരുന്ന ഈ ഫ്രെയിമിൽ സതീഷിന്റെ തല ഇടിച്ചതാണെന്നു കരുതുന്നു. ഏറെ നേരം കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ മറ്റു ജീവനക്കാരാണു ലിഫ്റ്റിൽ തലയിടിച്ചു ഞെരുങ്ങിയ നിലയിൽ ഗുരുതരാവസ്ഥയിൽ സതീഷിനെ കണ്ടത്. അഗ്നിരക്ഷാ സേന എത്തിയാണു പുറത്തെടുത്തത്. അനുജയാണ് ഭാര്യ. മകൾ ഗൗരി കൃഷ്ണ.
English Summary: Man dies after head gets stuck in a lift in Trivandrum