അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; കള്ളമെന്ന് സ്വപ്ന സുരേഷ്

Mail This Article
കൊച്ചി ∙ തന്നെ അറിയില്ലെന്നു മുഖ്യമന്ത്രി മുൻപു പറഞ്ഞത് കള്ളമാണെന്ന് സ്വപ്ന സുരേഷ്. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മകൻ എന്നിവർക്കൊപ്പം ഒരുപാടു കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുത്തിട്ടുണ്ട്. അതെല്ലാം അദ്ദേഹം ഇപ്പോൾ മറന്നു പോയെങ്കിൽ അവസരം വരുമ്പോൾ എല്ലാം ഓർമിപ്പിക്കാമെന്നും സ്വപ്ന പറഞ്ഞു. കസ്റ്റംസ് കേസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിലും ക്രിമിനൽ നടപടിക്രമ പ്രകാരം കോടതിയിൽ നൽകിയ രഹസ്യമൊഴി മുതിർന്ന സിപിഎം നേതാവു ചോർത്തിയെന്ന ആരോപണവും സ്വപ്ന ഉന്നയിച്ചു.
‘‘എനിക്കെതിരെ കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും കേസ് റജിസ്റ്റർ ചെയ്താലും കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽനിന്നു പിന്മാറില്ല. കേസിലെ തെളിവുകൾ ഇതിനകം പലർക്കും നൽകിയിട്ടുണ്ട്, എന്നെ കൊന്നാലും ഒന്നും തീരാൻ പോകുന്നില്ല’’– സ്വപ്ന പറഞ്ഞു
പാലക്കാടുനിന്നുള്ള സിപിഎം നേതാവും അഭിഭാഷകനുമായ സി.പി.പ്രമോദ് നൽകിയ പരാതിയിൽ സ്വപ്ന നൽകിയ രഹസ്യമൊഴികൾ തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. കോടതിയുടെ സേഫ് കസ്റ്റഡിയിൽ ഇരിക്കുന്ന രഹസ്യമൊഴി എങ്ങിനെയാണു പ്രമോദിനു ലഭിച്ചതെന്നു സ്വപ്നയുടെ അഭിഭാഷകൻ ആർ.കൃഷ്ണരാജും ചോദിച്ചു.
സ്വപ്ന, ഷാജ് കിരൺ, ഇബ്രായി എന്നിവർ തമ്മിലുള്ള സംഭാഷണം റെക്കോർഡ് ചെയ്തതിൽ കൃത്രിമവും എഡിറ്റിങ്ങും ക്രമം മാറ്റലും നടന്നിട്ടുണ്ടെന്ന പ്രമോദിന്റെ ആരോപണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അവർക്കിടയിൽ നടന്ന സ്വകാര്യ സംഭാഷണത്തെപ്പറ്റി അധികാരികമായി പറയാൻ അവർക്ക് എങ്ങനെയാണു കഴിയുന്നത്? അതിനു കഴിയണമെങ്കിൽ ഷാജ് കിരണുമായി അവർക്ക് അത്രയ്ക്കു ബന്ധം വേണമെന്നും കൃഷ്ണരാജ് പറഞ്ഞു
ഇതിനിടെ, ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി സ്വപ്നയ്ക്കെതിരെ റജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ ഗൗരവമുള്ള വകുപ്പുകൾ ചുമത്തി. ഭരണകൂടത്തിനെതിരെ കുറ്റം ചെയ്യാൻ പ്രേരണ നൽകുക, സാമൂഹിക ജീവിതത്തിലെ സ്വസ്ഥത നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പുകളുമാണു പുതുതായി ചുമത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു.
English Summary: Swapna Suresh against chief minister Pinarayi Vijayan