ലഹരിക്കടത്ത്: ഷാനവാസിനെതിരെ ഇഡിക്ക് സിപിഎമ്മിൽനിന്നു പരാതി

Mail This Article
ആലപ്പുഴ ∙ കരുനാഗപ്പള്ളി ലഹരിക്കടത്തു കേസിന്റെ പേരിൽ സിപിഎം സസ്പെൻഡ് ചെയ്ത നഗരസഭാ കൗൺസിലർ എ.ഷാനവാസിനെതിരെ ഇഡിക്ക് (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പാർട്ടിയിൽ നിന്നു പരാതി. ആലപ്പുഴയിലെ 3 സിപിഎം അംഗങ്ങളാണ് പരാതി അയച്ചത്. ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകളും സ്വത്തുവിവരങ്ങളും മറ്റും അന്വേഷിക്കണമെന്നാണ് ആവശ്യം.
അതേസമയം, പാർട്ടി അംഗങ്ങൾ ഉൾപ്പെട്ട ലഹരിക്കടത്ത് കേസ് ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയത പരസ്യമാക്കി. പാർട്ടി ഏരിയ കമ്മിറ്റി അംഗം കൂടിയായ ഷാനവാസിനെതിരെ എന്തു നടപടിയെടുക്കണമെന്ന വിഷയത്തിൽ ചൊവ്വാഴ്ച രാത്രി ചേർന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റിൽ ഭിന്നത രൂക്ഷമായിരുന്നു. ഷാനവാസിനെ പുറത്താക്കണമെന്നു ജില്ലാ സെക്രട്ടറി ആർ. നാസർ ഉറച്ച നിലപാട് എടുത്തെങ്കിലും അതു തള്ളിയാണു നടപടി സസ്പെൻഷനിൽ ഒതുക്കിയത്. മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്നവരാണ് അതിനായി വാദിച്ചത്. മന്ത്രിയും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഷാനവാസിനു പങ്കുള്ളതായി പാർട്ടിക്കു തെളിവു ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാൻ തിരുവനന്തപുരത്തു പറഞ്ഞു. ലഹരിക്കടത്തിന് ഉപയോഗിച്ച ലോറി താൻ വാടകയ്ക്കു കൊടുത്തതാണെന്നു ഷാനവാസ് വിശദീകരിച്ചെന്നും മന്ത്രി പറഞ്ഞു. ലോറി വാങ്ങിയതും വാടകയ്ക്കു കൊടുത്തതും പാർട്ടിയെ അറിയിക്കാഞ്ഞത് തെറ്റായെന്നു ഷാനവാസ് പ്രതികരിച്ചു.
English Summary: Complaint in Enforcement Directorate against A Shanavas