ഷാറുഖിന് 6 മണിക്കൂർ വൈദ്യ പരിശോധന

Mail This Article
കോഴിക്കോട് ∙ മഹാരാഷ്ട്രയിൽനിന്നു കൊണ്ടുവന്ന ഷാറുഖ് സെയ്ഫിയെ മെഡിക്കൽ കോളജിൽ എത്തിച്ചു പൊലീസ് നടത്തിയതു മാരത്തൺ പരിശോധനകൾ. ഇന്നലെ രാവിലെ 11.10ന് ആരംഭിച്ച വൈദ്യ പരിശോധന 6 മണിക്കൂർ നീണ്ടു. വൈകിട്ട് അഞ്ചോടെ കരളിന്റെ പ്രവർത്തനം സംബന്ധിച്ചു ചില സംശയങ്ങൾ ഉണ്ടായതോടെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു.
മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നതിനു മുൻപുള്ള പതിവു പരിശോധനയ്ക്കു പുറമേ ഷാറുഖിന്റെ ശരീരത്തിലെ ഓരോ പരുക്കുകളും പൊലീസ് വിശദമായി പരിശോധിച്ചു. ഇയാളുടെ മുഖത്തും കയ്യിലും കാലിലും പൊള്ളലേറ്റ പരുക്കുകളുണ്ട്. പരുക്കുകൾ എലത്തൂർ തീവയ്പു ദിവസം ഉണ്ടായതായിരിക്കാമെന്നാണ് ഫൊറൻസിക് സർജൻ അറിയിച്ചിരിക്കുന്നത്.
ഇയാളുടെ ശരീരത്തിലെ മറ്റു പരുക്കുകളുടെ സ്വഭാവവും പരിശോധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്നാഗിരി എത്തുന്നതിനു മുൻപു പൊലീസിനെ കണ്ടു ട്രെയിനിൽനിന്നു ചാടിയതിനെ തുടർന്നു പരുക്കേറ്റുവെന്നാണ് ഇയാൾ നേരത്തേ മഹാരാഷ്ട്ര എടിഎസിനോടു പറഞ്ഞത്. പരുക്കുകളുടെ പഴക്കം നിർണയിച്ചതിൽ അടുത്ത ദിവസങ്ങളിലുണ്ടായ മുറിവാണെന്നാണു നിഗമനം. ഈ പരുക്ക് സാരമുള്ളതല്ല.
സ്കാനിങ്, എക്സ്റേ അടക്കമുള്ള പരിശോധനകളും നടത്തി. ഇതിലും ഗുരുതര പരുക്കുകളില്ല. സൈക്യാട്രിക് വിഭാഗം നടത്തിയ പരിശോധനയിൽ ഇയാൾക്കു മാനസിക പ്രശ്നങ്ങൾ ഇല്ലെന്നു കണ്ടെത്തി.
രക്ത പരിശോധനയിൽ കരൾ പ്രവർത്തനത്തിൽ തകരാർ കണ്ടെത്തി. വിഷവസ്തുക്കൾ കഴിച്ചിട്ടുണ്ടെങ്കിൽ സമാന പ്രശ്നമുണ്ടാകാമെന്നു ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഇതോടെയാണു പ്രതിയെ ആശുപത്രിയിൽ കിടത്താൻ തീരുമാനിച്ചത്. ഇന്നു രാവിലെ വീണ്ടും വൈദ്യപരിശോധന നടത്തും. തുടർന്ന് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും.
English Summary: Six hour medical checkup for Shahrukh Saifi