ലീഗിനോടു തൊട്ടുകൂടായ്മ ഇല്ല: എം.വി.ഗോവിന്ദൻ
Mail This Article
തൃശൂർ∙ മുസ്‌ലിം ലീഗിനോടു സിപിഎമ്മിനു തൊട്ടുകൂടായ്മ ഇല്ലെന്നും രാജ്യത്തെ ഫാഷിസത്തിലേക്കു നയിക്കുന്ന ഏകവ്യക്തി നിയമത്തിനെതിരെ യോജിച്ചു പോകാൻ കഴിയുന്ന എല്ലാവരുമായും ഒരുമിച്ചു പ്രവർത്തിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഏകവ്യക്തി നിയമം ഇന്ത്യയുടെ നിലനിൽപിന്റെ പ്രശ്‌നമാണ്. അതു കക്ഷിരാഷ്‌ട്രീയമല്ല. ഫാഷിസത്തിലേക്കുള്ള യാത്രയാണ്. അതിനെ ചെറുക്കാൻ വർഗീയവാദികളും ഇതുവരെ വ്യക്തതയില്ലാത്ത കോൺഗ്രസും ഒഴികെ എല്ലാവരുമായും സഹകരിക്കും.
ഏകവ്യക്തി നിയമത്തിൽ ലീഗിന്റേത് ശരിയായ നിലപാടാണ്. ‘‘മുസ്‍ലിം ലീഗിനെ സംബന്ധിച്ചുള്ള ഞങ്ങളുടെ നിലപാട് നേരത്തേ വ്യക്തമായിട്ടുണ്ട്. ഞങ്ങൾക്കു ലീഗിനോട് ഒരു തൊട്ടുകൂടായ്മയുമില്ല. ലീഗ് സ്വീകരിക്കുന്ന ഏതൊരു ശരിയായ നിലപാടിനെയും ഞങ്ങൾ മുൻപും പിന്തുണച്ചിട്ടുണ്ട്; ഇപ്പോഴും പിന്തുണയ്ക്കുന്നു, ഇനിയും പിന്തുണയ്ക്കും. മുന്നണിയിലേക്കു വരണോ എന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് ഞാനല്ല. അത് അവർ സ്വീകരിക്കേണ്ട രാഷ്ട്രീയ തീരുമാനമാണ്’’.
ഇടതു മുന്നണിയോടു ചേർന്നു പ്രവർത്തിക്കാൻ അവർ തീരുമാനിച്ചാൽ ബാക്കി അപ്പോൾ ആലോചിക്കാമെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഏകവ്യക്തി നിയമ സെമിനാറിലേക്കു ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിതമായിട്ടാണ്. ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കാനാകില്ലെന്നാണ് ഇഎംഎസ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം അദ്ദേഹം വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നാൽ ഇതിൽ ചിലർ വ്യാജ പ്രചാരണം നടത്തുകയാണ്.’’– ഗോവിന്ദൻ പറഞ്ഞു.
English Summary: MV Govindan Speaks On Muslim League, Congress And UCC