കേരള ബാങ്കിൽ ലീഗ്; തീരുമാനം യുഡിഎഫ് ചർച്ച ചെയ്യാതെ
Mail This Article
തിരുവനന്തപുരം ∙ കേരള ബാങ്ക് ഭരണസമിതിയിലേക്ക് മുസ്‌ലിം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദിനെ നാമനിർദേശം ചെയ്തത് കോൺഗ്രസ് നേതൃത്വം അറിയാതെ. യുഡിഎഫിലും ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. അതിലെ അതൃപ്തി യുഡിഎഫ് കൺവീനർ എം.എം.ഹസൻ ലീഗ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ ഇതിന്റെ പേരിൽ വിവാദത്തിനില്ലെന്നാണു കോൺഗ്രസ് നിലപാട്.
കേരള ബാങ്കിനെതിരെ നിയമസഭയിലും പുറത്തും യുഡിഎഫും കോൺഗ്രസും രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരിക്കെ ബാങ്കിന്റെ ഭരണസമിതിയിൽ യുഡിഎഫ് അംഗത്തെ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി ചർച്ച ചെയ്യേണ്ടിയിരുന്നുവെന്ന വികാരമാണ് കോൺഗ്രസിന്. പാർട്ടിയുടെ രാഷ്ട്രീയ വേദികളിലേക്കു ലീഗിനെ സ്ഥിരമായി ക്ഷണിക്കുന്ന സമീപനത്തിലേക്ക് സിപിഎം എത്തിയ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നീക്കത്തെ നിഷ്കളങ്കമായി കോൺഗ്രസ് കാണുന്നില്ല.
രാഷ്ട്രീയ വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നാണ് ലീഗ് നേതൃത്വം യുഡിഎഫിനെ അറിയിച്ചത്. അറിയപ്പെടുന്ന സഹകാരിയാണ് അബ്ദുൽ ഹമീദ്. മലപ്പുറം ബാങ്ക് കേരള ബാങ്കിന്റെ ഭാഗമാകുമ്പോൾ ബാങ്കിന്റെ നയപരമായ തീരുമാനങ്ങളെടുക്കുന്ന ഭരണസമിതിയിൽ ലീഗിനു പ്രാതിനിധ്യം ഉണ്ടാകുന്നതു ഗുണം ചെയ്യുമെന്നാണു ലീഗ് നിലപാട്.
ലയനം: നിയമപ്പോരാട്ടം തുടരാൻ യുഡിഎഫ്
മലപ്പുറം ∙ മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരായ നിയമപ്പോരാട്ടത്തിൽനിന്നു പിന്നോട്ടില്ലെന്നു ജില്ലയിലെ യുഡിഎഫ് നേതൃത്വം. സർക്കാർ നടപടിക്കെതിരെ ജില്ലയിലെ 93 യുഡിഎഫ് സഹകരണ സംഘങ്ങൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎൽഎ കേരള ബാങ്ക് ഭരണസമിതി അംഗമാക്കിയത് കേസ് ദുർബലപ്പെടുത്താനുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമാണെന്നാണു യുഡിഎഫ് നേതാക്കളുടെ വികാരം.
ഇരട്ടപ്പദവിയും ചർച്ച
കേരള ബാങ്ക് ഭരണ സമിതിയംഗമായി ചുമതലയേറ്റതോടെ പി.അബ്ദുൽ ഹമീദ് വഹിക്കുന്ന പദവികളുടെ എണ്ണവും പാർട്ടിക്കുള്ളിൽ ചർച്ചയായി. ഒരാൾക്ക് ഒരു പദവിയെന്ന നിർദേശം കർശനമായി നടപ്പാക്കൽ പാർട്ടി നയമായി സ്വീകരിച്ചിരിക്കെയാണ് അബ്ദുൽ ഹമീദ് പ്രധാനപ്പെട്ട 4 പദവികൾ വഹിക്കുന്നതെന്നാണ് എതിർപ്പുള്ളവരുടെ ആരോപണം. എംഎൽഎ, ജില്ലാ ജനറൽ സെക്രട്ടറി, പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് പദവികളാണ് അദ്ദേഹം വഹിക്കുന്നത്.
ലീഗ് നേതൃത്വവും അറിഞ്ഞില്ല
മുസ്‍ലിം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറായി സർക്കാർ നാമനിർദേശം ചെയ്തതിനെക്കുറിച്ചു മുസ്‍ലിം ലീഗ് നേതൃത്വവുമായും എംഎൽഎയുമായും സംസാരിച്ചു. ലീഗ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നില്ല നാമനിർദേശം. - എം.എം.ഹസൻ, യുഡിഎഫ് കൺവീനർ