ഇന്ന് മകരവിളക്ക്; ഭക്തിനിർഭരം പൂങ്കാവനം

Mail This Article
ശബരിമല∙ ശബരീശന് ഇന്ന് മകരവിളക്ക്. ഭക്തിയുടെ കൊടുമുടിയിലാണ് അയ്യപ്പന്റെ പൂങ്കാവനമാകെ. സംക്രമ സന്ധ്യയുടെ പുണ്യം നുകരാൻ പർണശാല കെട്ടി കാത്തിരിക്കുകയാണു ഭക്തലക്ഷങ്ങൾ. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ഇന്നു വൈകിട്ട് 5.30നു ശരംകുത്തിയിൽ എത്തും. അവിടെനിന്നു ദേവസ്വം പ്രതിനിധികൾ ചേർന്നു സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിക്കും.
പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ.മഹേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള മഹാദീപാരാധന നടക്കും. അതിനു ശേഷമാണു പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയുക.
മടക്കയാത്രയ്ക്കായി കെഎസ്ആർടിസി പമ്പയിൽ 800 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
തൈപ്പൊങ്കലും മകരവിളക്കും; 6 ജില്ലകളിൽ ഇന്ന് അവധി
തിരുവനന്തപുരം∙ തൈപ്പൊങ്കൽ, മകരവിളക്ക് എന്നിവ പ്രമാണിച്ച് ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. സർക്കാർ കലണ്ടറിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
എംജി, കേരള സർവകലാശാലകൾ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.