മുല്ലപ്പെരിയാർ: സുരക്ഷയെപ്പറ്റി സമഗ്ര അവലോകനമെന്ന കേരളത്തിന്റെ ആവശ്യം നടപ്പാകുന്നില്ല
Mail This Article
തൊടുപുഴ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സമഗ്രമായ അവലോകനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം വർഷങ്ങളായി പരിഗണിക്കപ്പെട്ടില്ല. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 2 തവണ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. സെൻട്രൽ വാട്ടർ കമ്മിഷന്റെ മാർഗനിർദേശമനുസരിച്ച് സമഗ്രമായ സുരക്ഷാ അവലോകനം നടത്തണമെന്നായിരുന്നു 2023ൽ ചേർന്ന യോഗത്തിലും കഴിഞ്ഞ ജൂണിലെ യോഗത്തിലും കേരളത്തിലെ അംഗങ്ങളുടെ ആവശ്യം.
2012ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ വിദഗ്ധ പരിശോധന നടന്നത്. ഡാം സുരക്ഷിതമാണെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. 12 വർഷമായി മേൽനോട്ട സമിതിയുടെ സന്ദർശനവേളകളിൽ കാണുന്ന കാര്യങ്ങൾ മാത്രമാണ് പരിശോധിക്കാറുള്ളത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയ ഡോ. ജോ ജോസഫും വിദഗ്ധ പരിശോധനയാണ് ആവശ്യപ്പെടുന്നത്. പുതിയ ഡാമുകളിൽ ഭൂകമ്പം പ്രതിരോധിക്കാനുള്ളതുപോലെയുള്ള സുരക്ഷാസംവിധാനങ്ങൾ മുല്ലപ്പെരിയാറിൽ ഇല്ല, ആവശ്യത്തിന് ഷട്ടറുകൾ ഇല്ല എന്നീ കാരണങ്ങളാലാണ് ഡാം സുരക്ഷിതമല്ലെന്നു ഹർജി നൽകിയതെന്ന് ഡോ. ജോ ജോസഫ് പറയുന്നു.
കേരളം സ്ഥലം കണ്ടെത്തി; നിർമിക്കാൻ അനുമതി വേണം
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇവിടെ നിന്നു 366 മീറ്റർ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പുതിയ അണക്കെട്ടു വേണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാകുന്നതേയുള്ളു.
പുതിയ അണക്കെട്ട് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് കേരളം നിയോഗിച്ച സാങ്കേതികസമിതി 2022ൽ റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി അനുമതിക്കായുള്ള കേരളത്തിന്റെ അപേക്ഷ പരിഗണിക്കേണ്ട മേയ് 28നു ചേരാനിരുന്ന യോഗം കാരണം വ്യക്തമാക്കാതെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉപേക്ഷിച്ചു.
കേരളത്തിന്റെ എല്ലാ നീക്കങ്ങളും സുപ്രീംകോടതി വിധിക്ക് എതിരാണെന്നാണ് തമിഴ്നാടിന്റെ വാദം. പാട്ടക്കരാർ നിലനിൽക്കുന്നതിനാൽ തമിഴ്നാടിന്റെ അനുമതി ലഭിച്ചാലേ പുതിയ അണക്കെട്ട് യാഥാർഥ്യമാകൂ. അല്ലെങ്കിൽ അനുകൂലമായ കോടതി വിധി ലഭിക്കണം.