പാർട്ടിവിരുദ്ധ പ്രവർത്തനം; വിനു സ്കറിയയ്ക്ക് എതിരെ നടപടിക്കു സാധ്യത
Mail This Article
മൂന്നാർ∙ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐ അടിമാലി മുൻ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗൺസിലംഗവുമായ വിനു സ്കറിയയ്ക്കെതിരെ പാർട്ടി നടപടി എടുത്തേക്കുമെന്നു സൂചന. വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വിനു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് നടപടി.
പാർട്ടിയിൽ നിന്നു പുറത്താക്കാനോ തരം താഴ്ത്താനോ സാധ്യതയുണ്ട്. ചൊക്രമുടിയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി കെ.സലീംകുമാറിനെതിരെ രഹസ്യവും പരസ്യവുമായി ആരോപണങ്ങൾ ഉന്നയിച്ചതും നടപടിക്കു കാരണമായതായി പറയുന്നു. അടിമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു ജില്ലാ കൗൺസിലംഗമായ മാത്യു വർഗീസിനെതിരെ നടപടിയാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്തു നൽകാനും കഴിഞ്ഞ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചതായാണ് സൂചന.
മൂന്നാറിനു സമീപമുള്ള ലക്ഷ്മിയിൽ 14 ഏക്കർ സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്ന് പാർട്ടി ലോക്കൽ കമ്മിറ്റിയംഗം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവം, പാർട്ടി ജില്ലാ കൗൺസിലംഗമായ വനിതയ്ക്കെതിരെയുള്ള നിരന്തര പരാതികളും ശല്യവും, ചൊക്രമുടിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയുടെ കത്ത് മാധ്യമങ്ങൾക്കു ചോർത്തി നൽകിയത് തുടങ്ങിയ സംഭവങ്ങളിലാണ് വിനുവിനെതിരെ അന്വേഷണം നടത്തിയത്.
തനിക്കെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിവരങ്ങളും അറിയില്ലെന്ന് വിനു പ്രതികരിച്ചു. ഒരാൾ മാത്രം വിചാരിച്ചാൽ തന്നെ പുറത്താക്കാൻ കഴിയില്ലെന്നും പറഞ്ഞു.