മത്സ്യബന്ധന മേഖലയ്ക്കുള്ള മണ്ണെണ്ണ വിഹിതം മുടങ്ങി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന യാനങ്ങൾക്കു സംസ്ഥാന സർക്കാർ നൽകേണ്ട മണ്ണെണ്ണ വിഹിതം മാസങ്ങളായി മുടങ്ങി. പതിനയ്യായിരത്തോളം യാനങ്ങളുമായി ബന്ധപ്പെട്ടു ഉപജീവനം നടത്തുന്ന ഒരു ലക്ഷത്തിൽപരം മത്സ്യത്തൊഴിലാളികൾ കൂടുതൽ തുക ചെലവിട്ടാണ് മണ്ണെണ്ണ വാങ്ങുന്നത്. ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകളുടെ അലംഭാവമാണു വിതരണം മുടങ്ങാൻ കാരണം.
യാനങ്ങളും ഇവയിൽ ഘടിപ്പിക്കുന്ന ഔട്ട് ബോർഡ് എൻജിനുകളും 2 വകുപ്പുകളും പരിശോധിച്ചാണ് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നത്. 10 എച്ച്പി മോട്ടർ ഉള്ള യാനത്തിന് 129 ലീറ്റർ, 10 മുതൽ 15 എച്ച്പി വരെ 136 ലീറ്റർ, 15 എച്ച്പിക്കു മുകളിൽ ഉള്ളതിന് 180 ലീറ്ററുമാണു പ്രതിമാസം മണ്ണെണ്ണ വിഹിതം. മുൻപ് എല്ലാ മാസവും നൽകിയിരുന്ന വിഹിതം ഇപ്പോൾ വർഷത്തിൽ ഏതാനും തവണകൾ മാത്രമായി. ഈ സാമ്പത്തിക വർഷം കേന്ദ്രത്തിൽ നിന്ന് നോൺ പിഡിഎസ് ഇനത്തിൽ ലഭിച്ച 648 കിലോ ലീറ്റർ (6,48,000 ലീറ്റർ) മണ്ണെണ്ണ മേയിൽ യാനങ്ങൾക്കു വിതരണം ചെയ്തിരുന്നു. ഒരു മാസത്തേക്കു പോലും ഇതു തികഞ്ഞില്ല. പ്രതിമാസം 2,500 കിലോ ലീറ്റർ വേണ്ട സ്ഥാനത്താണിത്.
മണ്ണെണ്ണ മൊത്ത വ്യാപാരികളുടെ കൈവശം സ്റ്റോക്ക് ഉണ്ടെങ്കിലും ഇതു വിതരണം ചെയ്യാൻ ഇരുവകുപ്പുകളും നടപടി സ്വീകരിക്കുന്നുമില്ല. ഇതോടെ ലീറ്ററിന് 60 രൂപയ്ക്കു സർക്കാർ വഴി ലഭിക്കേണ്ട മണ്ണെണ്ണ 100 രൂപയിലേറെ നൽകി പുറത്തു നിന്നു വാങ്ങി ഉപയോഗിക്കാൻ മത്സ്യത്തൊഴിലാളികൾ നിർബന്ധിതരായി. മത്സ്യസമ്പത്ത് തേടി പുറംകടലിലേക്കു പോകേണ്ടി വരുന്നതു കാരണം ഇന്ധനച്ചെലവു കൂടിയതും പരമ്പരാഗത മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
മന്ത്രിയുടെ മറുപടി ചോദ്യംചെയ്ത് തരൂർ
∙ മത്സ്യബന്ധന ബോട്ടുകൾക്ക് കൂടുതൽ മണ്ണെണ്ണ ആവശ്യപ്പെട്ട് ശശി തരൂർ എംപി നൽകിയ നിവേദനത്തിന് കേരളത്തിൽ എൽപിജി കവറേജ് ഏകദേശം പൂർണമായതിനാലും 100% വീടുകളും വൈദ്യുതീകരിച്ചതിനാലും മണ്ണെണ്ണ വിഹിതം കൂട്ടാനാവില്ലെന്നു കേന്ദ്ര പെട്രോളിയം വകുപ്പിന്റെ സഹമന്ത്രി സുരേഷ് ഗോപിയുടെ മറുപടി. തന്റെ ചോദ്യം മത്സ്യബന്ധന ബോട്ടുകളെ കുറിച്ചായിരുന്നുവെന്നും അവ എൽപിജി ഉപയോഗിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഇതു സംബന്ധിച്ചു സമൂഹമാധ്യമത്തിൽ ശശി തരൂർ കുറിച്ചു.
ശുദ്ധവും പരിസ്ഥിതിക്കു യോജിച്ചതുമായ ഇന്ധനം ഉപയോഗിക്കുന്ന യാനങ്ങളിലേക്കു മാറാൻ മത്സ്യത്തൊഴിലാളികൾക്കു കഴിയണമെങ്കിൽ വൻ ചെലവാണെന്നും സർക്കാർ ധനസഹായം നൽകണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. ഹരിത സൗഹൃദ ഇന്ധന ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണെണ്ണ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതാണു കേന്ദ്ര നയമെന്ന് സുരേഷ് ഗോപിയുടെ കത്തിൽ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് തരൂർ ധനസഹായം തേടിയത്.