ഹോളിവുഡിൽ സിനിമ പഠിച്ച സംവിധായകൻ തോമസ് ബെർലി അന്തരിച്ചു
Mail This Article
ഫോർട്ട്കൊച്ചി∙ഹോളിവുഡിൽ സിനിമ പഠിക്കുകയും ഒന്നര പതിറ്റാണ്ട് ലോകസിനിമാ മോഹങ്ങളുമായി അവിടെ പ്രവർത്തിക്കുകയും ചെയ്ത നടനും നിർമാതാവും തിരക്കഥാകൃത്തുമായ കുരിശിങ്കൽ തോമസ് ബെർലി(92) അന്തരിച്ചു.
സംസ്കാരം പിന്നീട്. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സോഫി മഠത്തിൽക്കുന്നേൽ കുടുംബാംഗം.മക്കൾ: ടാനിയ ഏബ്രഹാം, തരുൺ തോമസ് , ടമീന. മരുമക്കൾ: ഏബ്രഹാം തോമസ് പള്ളിവാതുക്കൽ,ജോർജ് ജേക്കബ് പുരയ്ക്കൽ. 1953 ൽ റിലീസ് ചെയ്ത ‘തിരമാല’ സിനിമയിലെ നായക വേഷത്തിലായിരുന്നു തോമസ് ബെർലിയുടെ അരങ്ങേറ്റം. വിമൽകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ സഹസംവിധായകൻ രാമുകാര്യാട്ട് ആയിരുന്നു.
ഗാനങ്ങളിലൂടെ ഹിറ്റായ ഈ സിനിമയിലെ അഭിനയം പോരെന്ന തോന്നലിൽ തോമസ് ബെർലി നേരേ പോയതു അമേരിക്കയിലെ ഹോളിവുഡിലേക്കാണ്. യുണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ അപ്ലൈഡ് ആർട്സ് വകുപ്പിനു കീഴിൽ സിനിമയുടെ ചിത്രീകരണ കലപഠിക്കാൻ 1957ൽ പ്രവേശനം നേടി. പിന്നീട് ദീർഘകാലം സിനിമാ മോഹങ്ങളുമായി ഹോളിവുഡിലായിരുന്നു. ഏണസ്റ്റ് ഹെമിങ്‌വേയുടെ ഓൾഡ് മാൻ ആൻഡ് ദ് സീ (കിഴവനും കടലും) സിനിമയാക്കാൻ അമേരിക്കയിലെ വൻകിട നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്സ് തീരുമാനിച്ചപ്പോൾ ഏറ്റവും വലിയ വെല്ലുവിളി കടലിലെ ചിത്രീകരണമായിരുന്നു. സിനിമ ഉപേക്ഷിക്കാൻ പോലും കമ്പനി ആലോചിച്ചപ്പോൾ ആ വെല്ലുവിളി ഏറ്റെടുത്തതു തോമസ് ബെർലിയായിരുന്നു. ഹോളിവുഡ് സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തു.
പിന്നീട് നാട്ടിൽ തിരിച്ചെത്തി സീഫുഡ് കയറ്റുമതി മേഖലയിലേക്ക് മാറിയ അദ്ദേഹം 2 മലയാള സിനിമകൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. കെ.പി.ഉമ്മറും ഷീലയും അഭിനയിച്ച ഇതു മനുഷ്യനോ, പ്രേംനസീറും സീമയും കേന്ദ്രകഥാപാത്രങ്ങളായ വെള്ളരിക്കാപ്പട്ടണം എന്നീ സിനിമകളാണ് അദ്ദേഹം നിർമിച്ചത്. ഓ, കേരള എന്ന കാർട്ടൂൺ പുസ്തകം അടക്കം 3 പുസ്തകങ്ങൾ രചിച്ചു.പശ്ചിമ കൊച്ചിയുടെ സാമൂഹിക– സാംസ്കാരിക മേഖലയിൽ നിറഞ്ഞു നിന്ന അദ്ദേഹം കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റി ഭാരവാഹിയായിരുന്നു.