കാൻസർ സാധ്യത: പരിശോധനയ്ക്ക് മടിക്കുന്നത് ഗൗരവതരം: മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം∙ സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകൾ നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാമെങ്കിലും ആ സാഹചര്യം ഉണ്ടാകാത്തതു ഗൗരവമായി കാണണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ക്യാംപെയ്ൻ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്തനാർബുദം മൂലമുള്ള മരണം വർധിക്കുന്നതിനാലാണ് ക്യാംപെയ്നിന്റെ ആദ്യഘട്ടം സ്ത്രീകൾക്കായി മാറ്റിവച്ചത്. സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയ്ക്കുള്ള പരിശോധനയും ചികിത്സയും ഉറപ്പാക്കും. ശൈലി ആപ്പ് വഴി നടത്തിയ സർവേയിൽ 11 ലക്ഷത്തോളം പേർക്ക് കാൻസർ സാധ്യത കണ്ടെത്തിയിരുന്നു. ഇവരിൽ 1.90 ലക്ഷം പേരാണു തുടർപരിശോധനയ്ക്കു തയാറായത്. രോഗസാധ്യത ഉണ്ടെന്നു തിരിച്ചറിഞ്ഞ ശേഷവും തുടർപരിശോധനയ്ക്കും തുടർചികിത്സയ്ക്കും നേരെ മുഖം തിരിക്കുന്നതു നമ്മുടെ നാടിനു ചേരുന്ന പ്രവണതയാണോയെന്ന് എല്ലാവരും ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ, ക്യാംപെയ്ൻ ബ്രാൻഡ് അംബാസഡർ കൂടിയായ നടി മഞ്ജു വാരിയർ, മേയർ ആര്യാ രാജേന്ദ്രൻ, എംഎൽഎമാരായ ആന്റണി രാജു, വി.ശശി, സി.കെ.ഹരീന്ദ്രൻ, ഐ.ബി. സതീഷ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ.വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കാൻസർ വിദഗ്ധൻ ഡോ. എം.വി. പിള്ള, ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ, ഹരിത വി.കുമാർ, ഡോ.ടി.എൻ.സീമ എന്നിവർ പ്രസംഗിച്ചു.
കാൻസർ സ്ക്രീനിങ്: തുടക്കമിട്ട് മന്ത്രി
∙‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാംപെയ്നിന്റെ ഭാഗമായി മന്ത്രി വീണാ ജോർജ് ആദ്യ ദിനം തന്നെ കാൻസർ സ്‌ക്രീനിങ് നടത്തി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് മന്ത്രി കാൻസർ സ്‌ക്രീനിങ് നടത്തിയത്. സ്‌ക്രീനിങ്ങിനായി വിവിധ മേഖലയിലുള്ളവരെ ക്ഷണിച്ച് മന്ത്രി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു. മന്ത്രിമാരായ ആർ ബിന്ദു, ജെ.ചിഞ്ചു റാണി, ക്യാംപെയ്നിന്റെ ഗുഡ്‌വിൽ അംബാസഡർ മഞ്ജു വാരിയർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വനിത ശിശുവികസന ഡയറക്ടർ ഹരിത വി.കുമാർ, ആരോഗ്യ ഡയറക്ടർ ഡോ. കെ.ജെ.റീന തുടങ്ങിയവരെ സ്‌ക്രീനിങ്ങിനായി മന്ത്രി ഫേസ്ബുക്കിൽ ക്ഷണിച്ചു.