തണലായി ‘സിദ്ദു’; കനലായി ഓർമ

Mail This Article
നെടുമങ്ങാട് (തിരുവനന്തപുരം) ∙ നഗരമധ്യത്തിൽ വിനോദ് നഗറിലുള്ള വീട്ടിൽനിന്നു 100 മീറ്റർ അകലെ സിദ്ധാർഥനെ സംസ്കരിച്ച കുടുംബവീട്ടിലെ കല്ലറയ്ക്കു ചുറ്റും ഒരു വർഷത്തോളം മൂപ്പെത്തുന്ന ഫലവൃക്ഷങ്ങൾ. മാവ്, പ്ലാവ്, പേര, ചാമ്പ, പപ്പായ... എല്ലാമുണ്ട്. സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശിനും അമ്മ എം.ആർ.ഷീബയ്ക്കും സഹോദരൻ പവൻ പ്രകാശിനും അതിലേറ്റവുമിഷ്ടം ‘സിദ്ദു’ എന്ന പ്ലാവിനെ. ‘സിദ്ദു’വെന്ന പേരിൽ ഒരിനം പ്ലാവുണ്ടെന്നറിഞ്ഞു വാങ്ങി നടുകയായിരുന്നു. കൂട്ടത്തിൽ വേഗം വളരുന്നതും ‘സിദ്ദു’തന്നെ.
‘മോൻ 4 വയസ്സുവരെ കുടുംബവീട്ടിലായിരുന്നു. പേരയും ചാമ്പയും സപ്പോട്ടയുമൊക്കെ ഉണ്ടായിരുന്നു. പഴങ്ങൾ അടർത്തിക്കൊടുക്കുന്നത് ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവനുറങ്ങുന്ന മണ്ണിൽ മരങ്ങൾ വച്ചത്. പവനാണു വെള്ളമൊഴിക്കുന്നത്’– മകനെക്കുറിച്ചുള്ള ഓർമകൾക്കിടയിൽ ഷീബ വിതുമ്പി.
‘ഏതു മക്കളും മുതിർന്നു വീടിനും നാടിനും നന്മ ചെയ്യുന്നതാണല്ലോ മാതാപിതാക്കൾക്കിഷ്ടം? അവന്റെ അരികിൽ വളരുന്ന ഈ ചെടികളും മനുഷ്യർക്കു നന്മ തന്നെയല്ലേ ചെയ്യുന്നത്!’ അച്ഛന്റെ വാക്കുകൾ.
സിദ്ധാർഥന്റെ കല്ലറയ്ക്കരുകിൽ ഷീബ വിരളമായേ പോകാറുള്ളൂ. ഒന്നാം ചരമ വാർഷികദിനമായ ഇന്നലെ അവിടെയെത്തി തെല്ലു മാറിനിന്നു വിതുമ്പലടക്കാൻ പണിപ്പെട്ടു. കല്ലറയിൽ സിദ്ധാർഥന്റെ ചിത്രമുണ്ട്. ‘മോന്റെ പടം കാണുമ്പോൾ അവൻ വിളിക്കുന്നതായി തോന്നും.’
കുടുംബാംഗങ്ങളും അടുത്ത ഉറ്റ ബന്ധുക്കളും നാട്ടുകാരും ഇന്നലെ സിദ്ധാർഥന്റെ ഓർമയിൽ ഒത്തുചേർന്ന് അന്ത്യവിശ്രമസ്ഥലത്തു പുഷ്പങ്ങൾ വിതറി പ്രാർഥിച്ചു. ദുബായിൽ ജോലിചെയ്യുന്ന ജയപ്രകാശ് വൈകാതെ മടങ്ങും. മകനു നീതി ലഭിച്ചില്ലെന്ന വേദന കനലായി ഈ അച്ഛന്റെയും അമ്മയുടെയും ഉള്ളിൽ കെടാതെയുണ്ട്.