ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആലപ്പുഴ ∙ മോഷണമുതൽ വാങ്ങിയെന്നാരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്ത സ്വർണ വ്യാപാരി കസ്റ്റഡിയിലിരിക്കെ മരിച്ചതു ക്രൂരമായ പൊലീസ് പീഡനത്തെ തുടർന്നാണെന്ന ഗുരുതര ആരോപണവുമായി കുടുംബം. കടുത്തുരുത്തി പൊലീസിനെതിരെ വ്യാപാരിയുടെ മകൻ മുഖ്യമന്ത്രിക്കു പരാതി നൽകി. മണ്ണഞ്ചേരി പൊന്നാട് പണിക്കാപറമ്പിൽ രാധാകൃഷ്ണന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടാണു മകൻ രതീഷിന്റെ പരാതി. 

അച്ഛനെ എസ്എച്ച്ഒ പരസ്യമായി അടിക്കുകയും തൊഴിക്കുകയും ചെയ്തതിനും എന്തോ ദ്രാവകം മുഖത്തൊഴിച്ചതിനും താൻ സാക്ഷിയാണെന്നും ഇദ്ദേഹത്തെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും രതീഷ് ആവശ്യപ്പെട്ടു.

പരാതിയിൽ നിന്ന്: ‘‘മുഹമ്മയിലെ സ്വർണക്കടയിൽ നിന്ന് ഈ മാസം ആറിനു വൈകിട്ടാണു രണ്ടു പേരെത്തി അച്ഛനെ കൂട്ടിക്കൊണ്ടു പോയത്. പരിചയക്കാർ ആണെന്നു കരുതി. മഫ്തിയിലെത്തിയ പൊലീസാണെന്ന് അറിഞ്ഞില്ല. രാത്രി കട അടയ്ക്കാറായിട്ടും അച്ഛൻ തിരിച്ചുവന്നില്ല. 10 മണിക്കു വിളിച്ചപ്പോൾ വൈകുമെന്നു പറഞ്ഞു. പിന്നെ വിളിച്ചിട്ടു കിട്ടിയില്ല. പിറ്റേന്നു പുലർച്ചെ 3.50ന് കടുത്തുരുത്തി സ്റ്റേഷനിൽ നിന്നു വിളിച്ചു. അച്ഛനെ അറസ്റ്റ് ചെയ്തെന്നും ഉടൻ വരണമെന്നും പറഞ്ഞു.

അപ്പോൾ തന്നെ പോയെങ്കിലും പത്തരയ്ക്കു ശേഷമാണു എസ്എച്ച്ഒ ടി.എസ്.റെനീഷിനെ കാണാൻ കഴിഞ്ഞത്. ഒരു മോഷണക്കേസിലെ സ്വർണം അച്ഛനു വിറ്റിട്ടുണ്ടെന്നും അത് അന്വേഷിക്കുകയാണെന്നും എസ്എച്ച്ഒ പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിക്കാണ് അച്ഛനെ കണ്ടത്. വളരെ അവശനായിരുന്ന അദ്ദേഹം എന്നെക്കണ്ടു പൊട്ടിക്കരഞ്ഞു ‘സിഐയും പൊലീസുകാരും ചേർന്ന് എന്നെ തല്ലിക്കൊല്ലാറാക്കി’ എന്നു പറഞ്ഞു.

ഞാൻ സിഐയുടെ കാലുപിടിച്ചു കരഞ്ഞു. ‘നിന്റെ തന്തയെ തെളിവെടുപ്പിനു കൊണ്ടുവരുന്നുണ്ട്’ എന്നായിരുന്നു മറുപടി. തുടർന്ന് അച്ഛനെയും കൊണ്ട് ഒരു സ്വകാര്യ കാറിൽ അവർ കടയിലെത്തി. കഴുത്തിൽ പിടിച്ചുവലിച്ചാണു കൊണ്ടുവന്നത്. എല്ലാവരും കാൺകെ സിഐ അച്ഛന്റെ ഇരു കവിളിലും അടിച്ചു. ഒരു കാലിൽ ചവിട്ടിപ്പിടിച്ചു വയറ്റിൽ തൊഴിച്ചു. അച്ഛൻ സ്വർണക്കമ്പി വലിക്കുന്ന യന്ത്രത്തിൽ തലയടിച്ചു വീണു ബോധരഹിതനായി. കുപ്പിയിലിരുന്ന എന്തോ ദ്രാവകം സിഐ അദ്ദേഹത്തിന്റെ മുഖത്തൊഴിച്ചു. പിന്നീട് ജീപ്പിലേക്കു വലിച്ചിട്ടു. ബഹളം വച്ചു ഞാനും ആ ജീപ്പിൽ കയറി.

ആദ്യം അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്നു സ്ട്രെച്ചറിൽ കിടത്തി അടുത്ത ആശുപത്രിയിലേക്ക്. അവിടെ എത്തിയപ്പോഴാണ് അച്ഛൻ മരിച്ചെന്ന് അറിഞ്ഞത്. അദ്ദേഹം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണു പൊലീസുകാർ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ല’’–പരാതിയിൽ ആരോപിച്ചു.

രാധാകൃഷ്ണന്റെ കുടുംബാംഗങ്ങൾ നേരത്തേ പൊലീസിനെതിരെ ഉന്നയിച്ച ആരോപണത്തെക്കുറിച്ചു കോട്ടയം എഎസ്പി അന്വേഷണം നടത്തുകയാണെന്നും അതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്.റെനീഷ് പറഞ്ഞു. ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Radhakrishnan Death: Gold Merchant dies after alleged police brutality in Kaduthuruthy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com