പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കുത്തനെ കൂട്ടി മന്ത്രിസഭ; വർധന വെറും 1.6 ലക്ഷം !

Mail This Article
തിരുവനന്തപുരം ∙ പുറത്ത്, തുച്ഛമായ വേതനവർധന ആവശ്യപ്പെട്ടുള്ള ആശാ വർക്കർമാരുടെ സമരം പത്താം ദിവസത്തിലേക്കു കടക്കുമ്പോൾ അകത്ത്, സെക്രട്ടേറിയറ്റിൽ പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ 1.6 ലക്ഷം രൂപയിലേറെ വർധന വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എപ്പോഴും ആവർത്തിക്കുന്ന ധനമന്ത്രിയും ആശാ വർക്കർമാർക്ക് ശമ്പളം കൂട്ടാതിരിക്കാൻ രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് അവർ കൈപ്പറ്റുന്നതെന്നു വാദിക്കുന്ന ആരോഗ്യമന്ത്രിയും ഇൗ ജംബോ ശമ്പളവർധനയ്ക്കുള്ള തീരുമാനത്തിന് ഒപ്പംനിന്നു. അങ്ങനെ, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ജനരോഷം ഭയന്നു മാറ്റിവച്ച തീരുമാനം മന്ത്രിസഭ ഇന്നലെ കൈക്കൊണ്ടു.
ചെയർമാന്റെ ആകെ ശമ്പളം 2.24 ലക്ഷം രൂപയിൽനിന്ന് 3.87 ലക്ഷമായും അംഗങ്ങളുടേത് 2.19 ലക്ഷത്തിൽനിന്ന് 3.80 ലക്ഷമായുമാണ് കൂടുന്നത്. ചെയർമാനടക്കം 20 അംഗങ്ങളാണ് പിഎസ്‌സിയിൽ നിലവിലുള്ളത്; ഒരു സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
2016 ജനുവരി മുതൽ മുൻകാല പ്രാബല്യം വേണമെന്ന പിഎസ്‌സിയുടെ ആവശ്യം കൂടി അംഗീകരിച്ചാൽ 35 കോടി രൂപയിലേറെ കുടിശികയും സർക്കാർ നൽകേണ്ടിവരും. ചെയർമാന്റെ പെൻഷൻ 1.25 ലക്ഷത്തിൽനിന്ന് (ചെയർമാൻ) 2.5 ലക്ഷമായും അംഗങ്ങളുടേത് 1.20 ലക്ഷത്തിൽനിന്ന് 2.25 ലക്ഷമായും വർധിക്കുകയും ചെയ്യും. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സിലക്‌ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വ്യവസായ ട്രൈബ്യൂണലുകളിൽ പ്രിസൈഡിങ് ഓഫിസർമാരുടെ ശമ്പളവും അലവൻസുകളും സബോർഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫിസർമാരുടേതിനു സമാനമായി പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന തീരുമാനമാണിതെന്നു സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ പോലും കുറ്റപ്പെടുത്തി. സർക്കാർ മുൻഗണനകൾ മാറി പ്രവർത്തിക്കരുതെന്നും ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ ഓർമിപ്പിച്ചു.
ഇതൊന്നും കൊടുക്കണ്ടേ ?
സർക്കാർ ജീവനക്കാർക്ക് 21% ക്ഷാമബത്ത (ഡിഎ) കുടിശികയാണ്. 3% ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും പിന്നെയും 18% ബാക്കി. അനുവദിച്ച 2 ഗഡു ഡിഎയുടെ 39 മാസത്തെ വീതം കുടിശികയും നൽകിയിട്ടില്ല. ക്ഷേമ പെൻഷനിലുമുണ്ട് കുടിശിക. സ്കൂൾ പാചകത്തൊഴിലാളികൾക്കും സ്പോർട്സ് കൗൺസിൽ പരിശീലകർക്കും 3 മാസമായി വേതനമില്ല.
കരാറുകാർക്കു 10,000 കോടിയിലേറെ നൽകാനുണ്ട്. വകുപ്പുകളുടെ പദ്ധതി വിഹിതം 50% വെട്ടിക്കുറച്ചു. ആഭ്യന്തര വകുപ്പ് പണം നൽകാത്തതിനാൽ സെക്രട്ടേറിയറ്റിനു വിളിപ്പുറത്തുള്ള കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ 3 മാസമായി ഫോൺ പ്രവർത്തിക്കുന്നില്ല.
പിഎസ്‌സി അംഗമെന്നാൽ...
∙ കാലാവധി: 6 വർഷം അല്ലെങ്കിൽ 62 വയസ്സ്
∙ യോഗ്യത: പ്രത്യേകിച്ച് പറയുന്നില്ല. രാഷ്ട്രീയ പരിഗണനയാണ് നിയമന മാനദണ്ഡം
∙ ആനുകൂല്യങ്ങൾ:
ശമ്പളം, പെൻഷൻ, ഒന്നാം ക്ലാസ് യാത്രപ്പടി, പിഎ, ഡഫേദാർ, ഡ്രൈവർ, ആശ്രിതർക്ക് അടക്കം ചികിത്സയ്ക്കു പണം, ചെയർമാന് കാറും വീടും