ഉത്സവച്ചടങ്ങിനിടെ ഇൻക്വിലാബ് വിളി; സംഘർഷം തടയുന്നതിനിടെ പൊലീസിന് സിപിഎം മർദനം

Mail This Article
തലശ്ശേരി ∙ തിരുവങ്ങാട്ട് ഇല്ലത്തുതാഴെ ഉത്സവച്ചടങ്ങിനിടെ സിപിഎം പ്രവർത്തകരുടെ ഇൻക്വിലാബ് വിളി. ഇത് ബിജെപി പ്രവർത്തകർ ചോദ്യംചെയ്തതിനെത്തുടർന്ന് ഉടലെടുത്ത സംഘർഷം നിയന്ത്രിക്കുന്നതിനിടെ പൊലീസിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായും പരാതി. എസ്ഐയുടെ യൂണിഫോമിന്റെ കോളറിൽ പിടിച്ചുവലിക്കുകയും പൊലീസുകാരന്റെ മുഖത്തടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. പ്രതികളിലൊരാളെ ഇന്നലെ ഉച്ചയോടെ ഉത്സവപ്പറമ്പിനടുത്തുനിന്ന് കസ്റ്റഡിയിലെടുത്തെങ്കിലും സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ മോചിപ്പിച്ചതായി പൊലീസ് പറയുന്നു.
‘കേരളം ഭരിക്കുന്നതു ഞങ്ങളാണ്, പൊലീസ് കാവിൽകയറി കളിക്കേണ്ട, കാവിലെ കാര്യംനോക്കാൻ ഞങ്ങളുണ്ട്, കളിക്കാൻ നിന്നാൽ ഒരൊറ്റയെണ്ണം തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ഉണ്ടാവില്ല’ എന്ന് ആക്രോശിച്ചാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇല്ലത്തുതാഴെ മണോളിക്കാവിൽ ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച അർധരാത്രിക്കുശേഷം തമ്പുരാട്ടിയെയും ചോമപ്പനെയും കാവിൽ കയറ്റുന്ന ചടങ്ങിനിടെയാണ് സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ബിജെപി പ്രവർത്തകർ ഇത് ചോദ്യംചെയ്തതോടെയാണ് സംഘർഷമുണ്ടായത്.
തലശ്ശേരി എസ്ഐ ടി.കെ.അഖിൽ(35), സിപിഒമാരായ ഹെബിൻ(34), പ്രജീഷ്(45), ഷിബിത്ത്(37) എന്നിവർക്കാണു പരുക്കേറ്റത്. സിപിഎം പ്രവർത്തകരായ ദിപിൻ രവീന്ദ്രൻ, ജോഷിത്ത്, ഷിജിൽ, വിപിൻ ചാലി, സന്ദേശ് പ്രദീപ്, ഷിബിൻ, സിനീഷ് രാജ് എന്നിവർക്കും കണ്ടാലറിയാവുന്ന 20 പേർക്കുമെതിരെയാണ് ആക്രമിച്ചു പരുക്കേൽപിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും കേസ്. അക്രമത്തെത്തുടർന്ന് കൂടുതൽ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഉത്സവം നടന്നത്.