ADVERTISEMENT

വണ്ടൂർ (മലപ്പുറം) ∙ സംസ്ഥാനപാതയോരത്തെ കടയുടെ മുന്നിൽ ചങ്ങലയിട്ടു പൂട്ടി ‘ചുമട്ടുതൊഴിലാളികളുടെ നിരന്തരമായ കൂലി വർധനയും ജീവനക്കാരെ ഭീഷണിപ്പെടുത്തലും കാരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പ്രവർത്തനം നിർത്തുന്നു’വെന്നു ബോർഡ് വച്ചു വ്യാപാരി. തറയിൽ വിരിക്കുന്ന കരിങ്കല്ല്, കടപ്പ പാളികളും അനുബന്ധ സാധനങ്ങളും വിൽക്കുന്ന ‘ഹജർ സ്റ്റോൺ’ എന്ന കടയാണ് ഇന്നലെ പൂട്ടിയത്. ഇടതു വ്യാപാരി സംഘടനയിൽ അംഗത്വമുള്ള സ്ഥാപനമാണിത്. മറ്റെങ്ങുമില്ലാത്ത കൂലിയാണു വണ്ടൂരിലെ ചുമട്ടുതൊഴിലാളികൾ വാങ്ങുന്നതെന്നും ഇതുമൂലം സ്ഥാപനം നഷ്ടത്തിലായെന്നും ചുമട്ടുതൊഴിലാളി ക്ഷേമബോർഡിനു പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും ഉടമ മാവൂർ സ്വദേശി പി.ടി.അസീസ് പറഞ്ഞു.

ചുമട്ടുതൊഴിലാളികൾ ഉപരോധം ഏർപ്പെടുത്തിയതോടെ, ഒരാഴ്ചയായി കടയിൽ വരുന്ന ലോഡ് ഇറക്കാൻ കഴിയാതെ മടക്കുകയാണെന്നും വിൽപന നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും ജീവനക്കാർ പറയുന്നു. കടയിൽ ലോഡ് ഇറക്കുന്നതും കയറ്റുന്നതും മാത്രമാണു തങ്ങളുടെ പരിധിയിൽ വരുന്നതെന്നും ഉപഭോക്താക്കൾ ലോഡ് കയറ്റുന്നതു സ്ഥാപനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും ജീവനക്കാർ പറയുന്നു. കടയുടമ ചുമട്ടുതൊഴിലാളി ക്ഷേമബോർഡിനു നൽകിയ പരാതിയെത്തുടർന്നു കൂലി ചർച്ച ചെയ്തു തീരുമാനിക്കുന്നതുവരെ കയറ്റിറക്കു നടത്തുന്നതിൽ വീഴ്ചവരുത്തരുതെന്നു ചുമട്ടുതൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നെങ്കിലും ഇതു പാലിക്കപ്പെട്ടില്ല. കട നിർത്തുന്നതോടെ ജീവനക്കാരും കല്ല് പതിക്കുന്ന തൊഴിലാളികളും ഉൾപ്പെടെ അൻപതിലേറെ പേർക്കു തൊഴിൽ നഷ്ടമാകുമെന്നും ഇവർ പറയുന്നു.

അതേസമയം, ഈ കട തുടങ്ങിയപ്പോൾ വ്യാപാരി സംഘടനയുടെ ഇടപെടൽ മൂലം കൂലി കുറച്ചാണു വാങ്ങിയിരുന്നതെന്നും ചുമട്ടുതൊഴിലാളികൾ അറിയാതെ സൈറ്റിൽ ലോഡ് ഇറക്കിയതിനെ തുടർന്നാണു 2 വർഷം കൂടുമ്പോൾ വരുത്തുന്ന ആനുപാതിക വർധന ആവശ്യപ്പെട്ടതെന്നും സിഐടിയു ജില്ലാ കമ്മിറ്റി അംഗം ബാപ്പു വണ്ടൂർ പറഞ്ഞു. ഒരു ടൺ ഗ്രാനൈറ്റ് ഇറക്കുന്നതിനു 420 രൂപയാണ് നിലവിലുള്ള നിരക്ക്. കടയുടമയുമായി നടത്തിയ ചർച്ചയെ തുടർന്നു രണ്ടു വർഷമായി 290 രൂപയാണ് ഇവിടെനിന്നു വാങ്ങുന്നത്. പ്രദേശത്തുള്ള പണിസ്ഥലങ്ങളിൽ ചുമട്ടുതൊഴിലാളികളെ കൊണ്ടു ലോഡ് ഇറക്കാമെന്ന വ്യവസ്ഥയിലായിരുന്നു കൂലി കുറച്ചത്. അടുത്തദിവസം സൈറ്റിൽ ലോഡ് ഇറക്കിയതു വഴിക്കടവിൽ നിന്നുള്ളവരെ കൊണ്ടുവന്നാണെന്നു വിവരം ലഭിച്ചു. തുടർന്നാണു പ്രദേശത്തു നിലവിലുള്ള കൂലി ഈ കടയിൽ നിന്നും വാങ്ങാൻ തീരുമാനിച്ചതെന്നും കടയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും ബാപ്പു വിശദീകരിച്ചു.

English Summary:

Exorbitant Loading Fees: Unaffordable loading charges forced the closure of Hajar Stone in Vandur, Malappuram. The dispute between the shop owner and CITU loaders resulted in significant job losses and highlights the challenges faced by small businesses in Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com