ADVERTISEMENT

കൊല്ലം∙ കടലിലെ ധാതു ഖനന പ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനും ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ഓഫ്ഷോർ ഏരിയാസ് മിനറൽസ് ട്രസ്റ്റിൽ കേരളത്തിനു പ്രാതിനിധ്യമില്ല. മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ പ്രതിനിധികൾക്കും ഇടമില്ല. ഇതു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കത്തയച്ചെങ്കിലും കേന്ദ്ര സർക്കാർ ചെവിക്കൊണ്ടിട്ടില്ല. 

കടൽമണൽ ഖനനത്തിനു വഴി തുറന്ന ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) നിയമത്തിലെ ഭേദഗതികളോടുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ഖനി മന്ത്രാലയം ഡയറക്ടർ മുഷ്‌താഖ് അഹമ്മദ് കേരളത്തിനു കത്തയച്ചത് 2023 ഫെബ്രുവരി 9ന് ആണ്. അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന തീയതി മാർച്ച് 11 ആയിരുന്നു. അവസാന ദിവസം വരെ കാത്തിരുന്ന ശേഷം മാർച്ച് 11ന് സംസ്ഥാന ഫിഷറീസ് വകുപ്പ് അയച്ച 7 പേജുള്ള കത്തിലെ നിർദേശങ്ങളൊന്നും ഫലിച്ചില്ല. കേരളത്തിന്റെ പ്രതിഷേധവും നിലപാടും കത്തയച്ചതിൽ ഒതുങ്ങി.

പാർലമെന്റ് സമ്മേളനത്തിന്റെ ഓരോ സെഷനു മുൻപും ഉന്നയിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാനത്തെ എംപിമാരുടെ യോഗം സംസ്ഥാന സർക്കാർ വിളിച്ചുകൂട്ടുന്ന പതിവുണ്ട്. വിഷയങ്ങൾ സംബന്ധിച്ച വിശദമായ കുറിപ്പും കൈമാറും. ജിഎസ്‌ടി നഷ്‌ടപരിഹാരം, വയനാട് പുനരധിവാസത്തിനുള്ള കേന്ദ്രസഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്‌തത് അങ്ങനെയാണ്. കടൽ മണൽ ഖനന പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ചേർന്ന സംസ്ഥാനത്തെ എംപിമാരുടെ യോഗങ്ങളിലൊന്നും ഈ വിഷയം സർക്കാർ കൊണ്ടുവന്നില്ല. എംപിമാർക്കു നൽകിയ കുറിപ്പുകളിലൊന്നും വിഷയം കടന്നുവന്നില്ല. ഖനനത്തിനെതിരെ നിയമസഭ വിളിച്ചുകൂട്ടി പ്രമേയം പാസാക്കണമെന്ന ആവശ്യത്തോടും സംസ്ഥാന സർക്കാർ മുഖംതിരിച്ചു നിൽക്കുന്നു. തീരദേശത്താകെ പ്രതിഷേധം കനത്തിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നു.

കേന്ദ്രത്തിനു മുന്നിൽ മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ നിരത്തി അതിനു പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെടുന്നത് ഇതാദ്യമല്ല. മുൻപ്, കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന മത്സ്യസങ്കേതത്തിലൂടെ പുതിയ കപ്പൽപാത കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിശ്ചയിച്ചപ്പോൾ അതിനെതിരെ കടുത്ത പ്രതിഷേധമാണു സംസ്ഥാനത്ത്, പ്രത്യേകിച്ചു തെക്കൻ ജില്ലകളിൽ ഉയർന്നത്. മത്സ്യബന്ധനം സജീവമായി നടക്കുന്ന പ്രദേശത്തു കൂടിയാകരുത് പുതിയ കപ്പൽപാതയെന്ന നിർദേശം ഒന്നാം പിണറായി സർക്കാർ മുന്നോട്ടുവച്ചെങ്കിലും അതും ഫലം കണ്ടില്ല. അതേസമയം, തമിഴ്‌നാട് സർക്കാരിന്റെ കടുത്ത പ്രതിഷേധം കണക്കിലെടുത്തു കന്യാകുമാരി ഉൾപ്പെടുന്ന വെഡ്‌ജ് ബാങ്ക് എന്ന മത്സ്യസങ്കേതത്തെ കപ്പൽപാതയുടെ പരിധിയിൽനിന്നു കേന്ദ്രം ഒഴിവാക്കുകയും ചെയ്തു. കേരളം അവിടെയും കാഴ്ചക്കാരായി.

English Summary:

Coastal Mining Threat: Kerala Fishermen Face Uncertain Future Due to Government Inaction; Central Government Ignores State's Plea on Coastal Mining

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com