പൊലീസ് സ്പോർട്സ് ക്വാട്ട: 31 വയസ്സ് അയോഗ്യത, 37, 39 പ്രായക്കാർക്ക് നിയമന ശുപാർശ!

Mail This Article
തിരുവനന്തപുരം ∙ രാജ്യാന്തര ഫുട്ബോൾ താരമായ അനസ് എടത്തൊടികയ്ക്ക് 31–ാം വയസ്സിൽ പ്രായം കൂടിപ്പോയെന്നു പറഞ്ഞു പൊലീസിൽ നിയമനം നിഷേധിച്ച ആഭ്യന്തര വകുപ്പ് ചട്ടങ്ങൾ ലംഘിച്ച് വഴിവിട്ട നിയമനം നൽകിയ ബോഡി ബിൽഡിങ് താരമായ ചിത്തരേഷ് നടേശന് പ്രായം 39, ഷിനു ചൊവ്വയ്ക്ക് 37! അനസിനൊപ്പം നിയമനത്തിനു ശുപാർശ ചെയ്ത ഒളിംപ്യൻ എം.ശ്രീശങ്കറിന് 4 വർഷമായിട്ടും മറുപടി നൽകാൻ പോലും വകുപ്പ് തയാറായിട്ടുമില്ല.
കായികരംഗത്ത് സജീവമായി നിലനിൽക്കുന്ന, 25 വയസ്സിൽ കുറവുള്ളവർക്കാണ് സ്പോർട്സ് ക്വോട്ടയിൽ ജോലി നൽകുന്നതെന്നും അനസിന് 31 വയസ്സായതിനാൽ ഹവിൽദാർ തസ്തികയിലും ജോലി നൽകാനാവില്ലെന്നുമായിരുന്നു 2020 ഡിസംബറിൽ നൽകിയ മറുപടി. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ലോങ്ജംപ് മെഡൽ നേടിയ ശ്രീശങ്കറാകട്ടെ 2021ലെ ഒളിംപിക്സിൽ പങ്കെടുത്തതിനു പിന്നാലെയാണു സർക്കാർ ജോലിക്കായി ആദ്യം അപേക്ഷിച്ചത്. ഒളിംപ്യൻമാർക്ക് ഗസറ്റഡ് ജോലി നൽകുമെന്ന മുൻ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ 2014–16 കാലഘട്ടത്തിൽ മെഡൽ നേടിയവർക്കുള്ള നിയമനമാണ് അപ്പോൾ നടന്നതെന്നും ഇപ്പോൾ നിയമനത്തിനു നിർവാഹമില്ലെന്നുമായിരുന്നു മറുപടി.