വീട്ടുകാർ പണത്തിന് ബുദ്ധിമുട്ടുമ്പോഴും ആഡംബരവഴിയിൽ അഫാൻ: ‘മൊബൈൽ വാങ്ങി കൊടുത്തില്ല’,ആദ്യ ആത്മഹത്യാശ്രമം 8 വർഷം മുൻപ്

Mail This Article
തിരുവനന്തപുരം∙ നിശ്ശബ്ദനെന്നു കരുതിയിരുന്നയാൾ അത്യന്തം വിചിത്ര സ്വഭാവമുള്ളയാളായിരുന്നുവെന്നു നാട്ടുകാർ തിരിച്ചറിയുന്നത് ഇപ്പോൾ മാത്രം. അധികം സംസാരിക്കാത്തയാളായിരുന്നു അഫാൻ. 5 കൊലകൾ നടത്തിയതും ഒരു ശബ്ദം പോലും പുറത്തു കേൾപ്പിക്കാതെ. പാണാവൂരിലെ കോളജിൽ ബികോം പാതിവഴിയിൽ നിർത്തിയ അഫാനു സുഹൃത്തുക്കൾ വിരളമാണ്. മാതാവ് ഷെമിയുടെ നാടാണു പേരുമല. അവിടെ സ്ഥലം വാങ്ങി 10 വർഷം മുൻപാണു കുടുംബം വീട് വച്ചത്.
പുതിയ മൊബൈൽ ഫോൺ വാങ്ങുന്നതിലും ബൈക്കിൽ കറങ്ങി നടക്കുന്നതിലുമായിരുന്നു അഫാനു താൽപര്യം. ഏഴുവർഷമായി നാട്ടിൽ വരാൻ പോലും കഴിയാത്ത സാമ്പത്തിക ബാധ്യത പിതാവ് അബ്ദുൽ റഹീമിനുണ്ടായിരുന്നെങ്കിലും ആഡംബരജീവിതത്തിൽ അഫാൻ ഒരു കുറവും വരുത്തിയില്ല. ഒടുവിൽ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങിയത് ആറുമാസം മുൻപാണ്.

രാത്രിയിലായിരുന്നു അധികവും ബൈക്ക് യാത്രകൾ. അയൽക്കാരുമായുള്ള ബന്ധം ഒരു കൈവീശലിൽ ഒതുങ്ങും. പഠനം നിർത്തിയപ്പോൾ പിതാവിനെ ഗൾഫിലെ ബിസിനസിൽ സഹായിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ബിസിനസ് തകർന്നതോടെ ആ വഴിയുമടഞ്ഞു. സ്വന്തമായി വരുമാനമാർഗമില്ലാത്തതിന്റെ നിരാശ അഫാനുണ്ടായിരുന്നു. കൂട്ടക്കൊലയ്ക്കുശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അഫാൻ ആദ്യമായി ഈ ശ്രമം നടത്തുന്നത് 8 വർഷം മുൻപാണ്. ആവശ്യപ്പെട്ട മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചതോടെയായിരുന്നു ഇത്. ആശുപത്രിയിലെത്തിച്ചാണു രക്ഷപ്പെടുത്തിയത്.