എൻഎച്ച് വികസനം: കേരളത്തിലെ തടസ്സങ്ങൾ നീങ്ങിയെന്ന് ഗഡ്കരി

Mail This Article
ന്യൂഡൽഹി ∙ കേരളത്തിൽ ദേശീയപാത വികസനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയെന്നും സംസ്ഥാന സർക്കാരുമായി ധാരണയിലെത്തിയെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. കേരളത്തിൽ ദേശീയപാതകൾ കുറവായതിന്റെ കാരണത്തെക്കുറിച്ചുള്ള കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിനായിരുന്നു മറുപടി.
സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ഭൂമി സൗജന്യമായി കൈമാറുക, നിർമാണ സാമഗ്രികളിലെ ജിഎസ്ടി തുക കേന്ദ്രവുമായി പങ്കുവയ്ക്കുക, മണലിന്റെയും കല്ലിന്റെയും റോയൽറ്റി ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ കേരളം അംഗീകരിച്ചെന്നും പദ്ധതികളുമായി മുന്നോട്ടുപോകാൻ ഇനി തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുപ്പിന് 50 കോടി രൂപ വരെയാണ് ചെലവ്. മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ കൂടുതലാണിത്. ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 50% വഹിക്കാമെന്നാണ് കേരളം ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് അറിയിച്ചു. തുടർന്നാണ് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിച്ചത്.
ദേശീയപാതകളിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി ഒട്ടേറെ എംപിമാരാണ് കാണാനെത്തുന്നത്. ഈ ആവശ്യങ്ങളെല്ലാം കൂടി അംഗീകരിച്ചാൽ അടിപ്പാതയായി മാത്രമേ കേരളത്തിൽ റോഡ് ഉണ്ടാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.