മൂലമറ്റം വൈദ്യുതനിലയത്തിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു

Mail This Article
മൂലമറ്റം ∙ വൈദ്യുതനിലയത്തിന്റെ ഭാഗമായ സ്വിച്ച് യാഡിലെ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു. ഇന്നലെ പുലർച്ചെ 1.10നാണു മൂലമറ്റം വൈദ്യുതനിലയത്തിൽ നിന്നു വൈദ്യുതിവിതരണ ശൃംഖലയുടെ ഭാഗമായ സ്വിച്ച്‌യാഡിൽ പൊട്ടൻഷ്യൽ ട്രാൻസ്ഫോമർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. തുടർന്നു തീപിടിച്ചു.സംഭവസമയത്തു സ്വിച്ച് യാഡിലുണ്ടായിരുന്ന ഓവർസീയർ എം.പി.വിൻസ് തീയണയ്ക്കാൻ ഫയർ എക്സ്റ്റിങ്ഗ്യൂഷർ സംവിധാനം ഉപയോഗിച്ചു. അഗ്നിരക്ഷാസേനയെയും അറിയിച്ചു.
തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ മൂലമറ്റം അഗ്നിരക്ഷാസേന സ്ഥലത്തെത്തി. തുടർച്ചയായി എക്സ്റ്റിങ്ഗ്യൂഷർ പ്രവർത്തിപ്പിച്ച വിൻസിനു ശ്വാസതടസ്സവും ബോധക്ഷയവും ഉണ്ടായി. അര മണിക്കൂറിലേറെ പാടുപെട്ടാണു തീയണയ്ക്കാനായത്. ഇടുക്കി തൊട്ടിയാർ വൈദ്യുതനിലയത്തിലെ പൊട്ടൻഷ്യൽ ട്രാൻസ്ഫോമർ ഇന്നലെ ഇവിടെ എത്തിച്ചു. ഇതു മാറ്റിസ്ഥാപിക്കാൻ 3 ദിവസം എടുക്കുമെന്ന് അധികൃതർ പറഞ്ഞു. മൂലമറ്റം നിലയത്തിൽനിന്ന് 220 കെവി ശേഷിയുള്ള 2 ലൈനുകളിലൂടെയാണു കളമശേരി സബ് സ്റ്റേഷനിലേക്കു വൈദ്യുതി എത്തിക്കുന്നത്.
ഇതിൽ ഒരു ലൈനിൽ പൊട്ടിത്തെറി ഉണ്ടായതോടെ കൊച്ചിയിൽ വൈദ്യുതിവിതരണത്തെ ബാധിക്കാൻ സാധ്യതയുള്ളതായി കെഎസ്ഇബി അധികൃതർ പറഞ്ഞു. എന്നാൽ ഇതു മറികടക്കാൻ പകരം സംവിധാനം ഇവിടെ ഒരുക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതാണ്. എന്നാൽ കാലപ്പഴക്കം മൂലമാണു പൊട്ടിത്തെറിയുണ്ടായത് എന്നാണു സൂചന. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.വി.മനോജിന്റെ നേതൃത്വത്തിൽ ടി.കെ.എൽദോ, മനു ആന്റണി, കെ.ടി.പ്രദീപ്, സി.കെ.പ്രശാന്ത്, എം.വി.സിജു എന്നിവർ ചേർന്നാണു തീയണച്ചത്.