വൈകിയോട്ടം ശീലമാക്കി വേണാട് എക്സ്പ്രസ്; നടപടിയില്ലാതെ റെയിൽവേ

Mail This Article
കൊച്ചി∙തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിന്റെ വൈകിയോട്ടം തുടർക്കഥയായിട്ടും നടപടിയെടുക്കാതെ റെയിൽവേ. പുതിയ കോച്ചുകൾക്കൊപ്പം ഏർപ്പെടുത്തിയ ഹെഡ് ഓൺ ജനറേഷൻ (എച്ച്ഒജി) സംവിധാനത്തേയാണു ജീവനക്കാർ പഴി ചാരുന്നത്. ഈ സംവിധാനത്തിൽ എഞ്ചിൻ ദിശ മാറ്റാനായി എറണാകുളം സൗത്തിൽ കൂടുതൽ സമയം എടുക്കുന്നതിനാലാണു ട്രെയിൻ വൈകുന്നതെന്നാണു പരാതി.
എന്നാൽ എല്ലാ ദിവസവും മറ്റു പല കാരണങ്ങളാൽ വേണാട് വൈകുന്നുണ്ട്. അതിനു പുറമേയാണു എഞ്ചിൻ മാറ്റത്തിനു സൗത്തിൽ സമയം എടുക്കുന്നത്. എഞ്ചിനിലെ പാന്റോഗ്രാഫ് വഴി ഫാനിനും ലൈറ്റിനും ആവശ്യമായ വൈദ്യുതി എടുക്കുന്ന എച്ച്ഒജി സംവിധാനം 327 കിലോമീറ്റർ മാത്രം ഓടുന്ന വേണാട് പോലെയുള്ള ട്രെയിനുകളിൽ ഉപയോഗിക്കുന്നതു കൊണ്ടു കാര്യമായ ഇന്ധന ലാഭം ഉണ്ടാകില്ലെന്നു വിദഗ്ധർ പറയുന്നു. കഴിഞ്ഞ മാസം 2 ദിവസം മാത്രമാണു ഷൊർണൂർ– തിരുവനന്തപുരം വേണാട് എക്സ്പ്രസ് വൈകിട്ട് കോട്ടയത്തു കൃത്യസമയത്ത് എത്തിയിട്ടുള്ളത്.
എറണാകുളം മുതൽ വൈകിയോടുന്ന ട്രെയിൻ രാത്രി ഏറെ വൈകിയാണു തിരുവനന്തപുരത്ത് എത്തുന്നത്. ഇതു മൂലം പതിവു അറ്റകുറ്റപ്പണിയും വൈകുന്നതിനാൽ മിക്ക ദിവസവും രാവിലെ തിരുവനന്തപുരത്തു നിന്നു കൃത്യസമയത്തു പുറപ്പെടാനും കഴിയുന്നില്ല. വേണാടിന്റെ വൈകിയോട്ടം പരിഹരിക്കാൻ ഡിവിഷനിലെ ഉദ്യോഗസ്ഥർക്കു താൽപര്യമില്ലെന്ന് ആക്ഷേപമുണ്ട്. ചില ഉന്നത ഉദ്യോഗസ്ഥരുടെ അനാവശ്യ വാശിയാണു പ്രശ്നം വഷളാക്കുന്നത്.
സൗത്തിലേക്കുള്ള യാത്രക്കാർക്കു ബദൽ സൗകര്യമൊരുക്കി വേണാട്, നോർത്ത് വഴിയാക്കുന്നതിനോടു യാത്രക്കാരിൽ വലിയൊരു വിഭാഗത്തിന് എതിർപ്പില്ല. എന്നാൽ അതു ചെയ്യാൻ റെയിൽവേ ഇപ്പോൾ തയാറല്ല. നടപടിയൊന്നുമെടുക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണു റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. എച്ച്ഒജി സംവിധാനമുളള എഞ്ചിൻ ദിശ മാറ്റി ഘടിപ്പിക്കാൻ 25 മിനിറ്റാണു സൗത്തിൽ എടുക്കുന്നത്. എന്നാൽ ചങ്ങല വലിക്കലും പിടിച്ചിടലും മറ്റുമായി സ്ഥിരം വൈകിയോടിയെത്തുന്ന ട്രെയിൻ എഞ്ചിൻ മാറ്റം കൂടിയാകുമ്പോൾ മണിക്കൂറുകളോളം വൈകുന്ന സ്ഥിതിയാണ്.
യാത്രക്കാർ നിർദേശിക്കുന്നത് :
∙വേണാട് എച്ച്ഒജി സംവിധാനത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം ജംക്‌ഷൻ വരെ മാത്രം ഓടിക്കുക.
∙എറണാകുളം ജംക്‌ഷൻ മുതൽ ഷൊർണൂർ വരെ എച്ച്ഒജി സംവിധാനമില്ലാതെ സർവീസ് നടത്തുക, വൈദ്യുതി ആവശ്യത്തിന് ട്രെയിനിലുള്ള ജനറേറ്റർ കാർ പ്രവർത്തിപ്പിക്കുക.
∙വേണാട് നോർത്ത് വഴിയാക്കുന്നെങ്കിൽ ബദൽ സൗകര്യമെന്ന നിലയിൽ രാവിലെ 7.50ന്റെ കൊല്ലം എറണാകുളം മെമു രാവിലെ 5.45ന് പുറപ്പെട്ട് 9.45ന് എറണാകുളത്ത് എത്തുന്ന രീതിയിൽ പുനക്രമീകരിക്കുക. വേണാട് വൈകിട്ട് നോർത്തിൽ എത്തുന്ന സമയം 5.30 ആക്കുക.
∙വൈകിട്ടത്തെ എറണാകുളം–കായംകുളം പാസഞ്ചർ 6.15ന് പുറപ്പെടുന്ന രീതിയിലാക്കുക
∙ഇപ്പോൾ 4.25നുളള മംഗളൂരു–നാഗർകോവിൽ ഏറനാട് എക്സ്പ്രസ് സൗത്തിൽ നിന്ന് 5.10ന് പുറപ്പെടുന്ന രീതിയിലാക്കുക.