ടിക്ടോക് പ്രണയം: മക്കളെ ഉപേക്ഷിച്ചുപോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

Mail This Article
പോത്തൻകോട്∙ ടിക് ടോക്കിലൂടെയുള്ള പരിചയം പ്രണയമായതോടെ ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ വട്ടപ്പാറ വേറ്റിനാട് സ്വദേശി അഞ്ജു (28), കാഞ്ഞിരപ്പള്ളി സ്വദേശി സരുൺ (24) എന്നിവരെ റിമാൻഡ് ചെയ്തു.
യുവതിയെ കാണാനില്ലെന്ന് അമ്മയും ഭർത്താവും വട്ടപ്പാറ പൊലീസിൽ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. സ്ഥിരമായി യുവതി ടിക് ടോക് ഉപയോഗിക്കുമായിരുന്നുവത്രെ. ആറു മാസം മുൻപാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ സരുണുമായി അടുക്കുന്നത്.
ഈ അടുപ്പം പ്രണയത്തിലേക്കു വഴിമാറി. കഴിഞ്ഞ മാസം 28ന് ഭർത്താവ് ജോലിക്ക് പോയ സമയം നോക്കി യുവതി മക്കളെ വീടിനുള്ളിലാക്കിയ ശേഷം കാമുകനെ കാണാനായി കോട്ടയത്തെത്തി. ഇവിടെ വച്ചാണ് സരുണിനെ ആദ്യമായി നേരിൽ കാണുന്നതും. മൊബൈൽ വഴിയുള്ള പൊലീസിന്റെ അന്വേഷണത്തിലാണ് ഇരുവരും ബെംഗളൂരുവിൽ എത്തിയതായി വിവരം ലഭിക്കുന്നത്. തുടർന്ന് വിളിച്ചു വരുത്തുകയായിരുന്നു.
English Summary: Tiktok lovers arrested