ഒറ്റയ്ക്ക് പൊൻമലകയറ്റം; വിശുദ്ധവാരത്തിലെ കാഴ്ചാന്വേഷണം– വിഡിയോ

Mail This Article
മലയാറ്റൂര്‍ ∙ പൊന്‍മല കയറ്റം മുത്തപ്പോ!! പൊന്‍മല കയറ്റം... ഈ ശബ്ദം എവിടെയും കേള്‍ക്കാനില്ല. ആകെ നിശബ്ദത. ഇടയ്ക്കിടെ ചീവീടുകളുടെ ചെവി തുളയ്ക്കുന്ന ശബ്ദം. മലയാറ്റൂര്‍ താഴത്തെ പള്ളിയില്‍ നിന്നും ‘മലയാള മനോരമ’യ്ക്കായി പ്രത്യേക അനുവാദം വാങ്ങി മലകയറാനെത്തുമ്പോള്‍ പുരോഹിതനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദിക്കാനുണ്ടായിരുന്നത് തനിച്ചാണോ മുകളിലേക്ക് പോകുന്നതെന്നായിരുന്നു. അതെ എന്ന് അറിയിച്ചപ്പോള്‍ സഹായിക്കാന്‍ വഴിയിലാരും ഉണ്ടാകില്ലെന്ന മുന്നറിയിപ്പും നല്‍കി. മുന്‍ വര്‍ഷങ്ങളിലെല്ലാം രണ്ടും മൂന്നും തവണ ഓരോ സീസണിലും ഇവിടുത്തെ തിരക്കിന്റെ ഫോട്ടോ എടുക്കാന്‍ എത്താറുണ്ടായിരുന്നു. പക്ഷേ ഇത്തവണ സ്വയം വാഹനം ഓടിച്ചെത്തി, ഒപ്പം ആരുമില്ലാതെ കാട്ടിലൂടൊരു മലകയറ്റം.
അതും പുതിയൊരു അനുഭവമാകട്ടെ എന്ന ലക്ഷ്യത്തോടെ അടിവാരത്തുള്ള ഏക മനുഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പാറാശേരിയോട് യാത്രപറഞ്ഞു കയറ്റം തുടങ്ങി. കുരിശിന്റെ വഴിയിലെ 14 ഇടങ്ങളില്‍ ഒന്നാം സ്ഥലം എത്തുക എന്നതാണ് മലയാറ്റൂരിലെ ഏറ്റവും വലിയ കടമ്പ. മറ്റ് 13 എണ്ണവും തമ്മില്‍ വലിയ ദൂരത്തിലല്ല ഉള്ളത്. ഒന്നാം സ്ഥലത്തേക്കുള്ള യാത്രയില്‍ ഇടയിലൊരു നിരപ്പുണ്ട്. കഴിഞ്ഞ വര്‍ഷം പൊന്‍പണം ഇറക്കുമ്പോള്‍ ഇവിടെ വലിയൊരു ജനക്കൂട്ടം കൂടി നിന്നിരുന്ന ചിത്രം എടുത്തത് ഈ അവസരത്തില്‍ ഓര്‍ത്തു. മനുഷ്യ സ്പര്‍ശം ഇല്ലാതായതോടെ ഈ വഴിയില്‍ ഏതൊക്കെയോ കാട്ടുചെടികളുടെ വിത്തുകള്‍ വീണ് മുളച്ചുതുടങ്ങിയിരിക്കുന്നു. ഒപ്പം കാറ്റില്‍ പറന്നുവന്ന ഇലകള്‍ വഴിയാകെ മൂടിയിരിക്കുന്നു.
ഒന്നാം സ്ഥലം എത്തും മുന്‍പ് ആരോ ഉപേക്ഷിച്ചു പോയ വലിയൊരു മരക്കുരിശ്, സമീപം അത്യാസന്നനിലയിലായവരെ മുൻപ് കൊണ്ടുപോയിരുന്ന ഒരു സ്ട്രെച്ചര്‍ ചാരി വച്ചിരിക്കുന്നു. ചുമട്ടുകാരും കച്ചവടക്കാരും കല്ലില്‍ നിന്നും കല്ലിലേക്ക് ചാടി തിടുക്കത്തില്‍ പോകുന്ന ദൃശ്യവും കാണാനില്ല. പാതയോരത്ത് കോളാമ്പി ഉച്ചഭാഷിണികള്‍ കെട്ടിയിട്ടുണ്ടെങ്കിലും എല്ലാം നിശബ്ദം. വെളിച്ചം തരാന്‍ താല്‍ക്കാലികമായി സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകള്‍ താഴെത്തന്നെ കിടക്കുന്നു. ചീവീടുകളുടെ ശബ്ദം ഏറിവരുന്നു. കൂടിക്കിടക്കുന്ന ഇലകള്‍ക്കിടയിലൂടെ ഏതൊക്കെയോ ജീവികള്‍ തലങ്ങും വിലങ്ങും പായുന്നു. പാമ്പുകളെ മാത്രം കാണരുതേയെന്ന് പ്രാര്‍ഥിച്ച് ഇലകളില്‍ പരമാവധി ചവിട്ടാതെ കല്ലുകളിലൂടെ മാത്രം നടക്കാന്‍ നോക്കി.
ഒന്നാം സ്ഥലത്തെ കുരിശിനു സമീപം മെഴുകുതിരി കത്തിക്കാനുള്ള പ്രത്യേക ഇടത്തില്‍ മുന്‍പു കത്തിയമര്‍ന്ന തിരികളുടെ മെഴുകു മാത്രം പുറത്തേക്ക് എത്തി നോക്കുന്നു. വഴിയിലെ കുടിവെള്ള പൈപ്പില്‍ ഗ്ലാസുകള്‍ കമഴ്ത്തി വച്ചിരിക്കുന്നു. ടാപ്പ് തുറന്നുനോക്കി. ഇല്ല! തുള്ളി വെള്ളം വരുന്നില്ല. അല്ലെങ്കില്‍ത്തന്നെ ലോക്‌ഡൗണിനിടെ തീര്‍ഥാടകരുടെ ഒത്തുചേരൽ ഒഴിവാക്കിയ ഇടത്ത് എന്തിനു വെള്ളം? 10-ാം സ്ഥലവും കഴിഞ്ഞ് 11ലേക്ക് നീങ്ങുന്നതിനിടയില്‍ മുന്നിലൂടെ വിചിത്ര നിറത്തിലുള്ള രണ്ടു ചെറു ജീവികള്‍ പാഞ്ഞുപോയി. പാമ്പിനെ മനസില്‍ കരുതി നടന്നതിനാല്‍ പെട്ടെന്ന് പാമ്പ് തന്നെയെന്ന് ധരിച്ച് കല്ലിലേക്ക് ചാടിക്കയറി.
പ്രത്യേക നിറത്തിലുള്ള രണ്ട് ഓന്തുകള്‍ മനുഷ്യ സാന്നിധ്യമറിഞ്ഞ് ഒപ്പം സമീപത്തെ മറ്റൊരു കല്ലിലേക്കും കയറി. ഇവയായിരുന്നു പാഞ്ഞുപോയവയെന്ന് കണ്ടതോടെ സമാധാനമായി. അവ എന്നെത്തന്നെ തുറിച്ചു നോക്കുകയാണ്. കുറച്ചു ചിത്രങ്ങള്‍ എടുക്കുന്നതുവരെ അവര്‍ ‘പോസ്’ ചെയ്തുതന്നു. ഇനി മലമുകളിലേക്ക് അധിക ദൂരമില്ല. 12-ാം സ്ഥലത്തിന് തൊട്ടടുത്ത് മാവില്‍ മാങ്ങകള്‍ കായ്ച്ചു പാതയിലേക്ക് ചാഞ്ഞു നില്‍ക്കുന്നു. തീര്‍ഥാടകര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവയെല്ലാം വിവിധ ദേശങ്ങളില്‍ എത്തിയേനെയെന്നു ചിന്തിച്ചു. ഇവിടെ നിന്നും മുകളിലേക്ക് ഏതാനും സിമന്റ് പടികള്‍ ഉണ്ട്. സാധാരണ ഇവിടെയെത്തുമ്പോഴേക്കും ആളുകള്‍ തളര്‍ന്ന് ഇരിക്കാറുള്ള പടികളാണ്. എല്ലാം ശൂന്യം. വലിയ കുരിശുമായി വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ അവ സ്ഥാപിക്കാറുള്ള മരങ്ങള്‍ ഒക്കെ നിവര്‍ന്നു നില്‍ക്കുന്നു. പുതിയ ഒരു കുരിശുപോലും എവിടെയും കാണാനില്ല.
13-ാം സ്ഥലത്തോടു ചേര്‍ന്ന് ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന വലിയ തിരക്കുള്ളൊരു കടയുണ്ടായിരുന്നു. ഇവിടെ നിന്നുള്ള പരമാവധി സാധനങ്ങളെല്ലാം അവര്‍ കൊണ്ടുപോയിരിക്കുന്നു. ബാക്കിയുള്ളവ അവിടെ വലിയൊരു ടാര്‍പോളിന്‍ ഷീറ്റിനുള്ളില്‍ കെട്ടി വച്ചിട്ടുണ്ട്. പുറത്ത് സോഡാക്കുപ്പികളുടെ അടപ്പുകള്‍ കൂടിക്കിടക്കുന്നവയ്ക്കിടയില്‍ നിന്നും പുതുമഴയുടെ കരുത്തില്‍ തണ്ണിമത്തന്‍ വിത്തുകള്‍ കൂട്ടത്തോടെ മുളച്ചു പൊന്തിയിട്ടുണ്ട്. ഏറ്റവും അവസാനത്തെ 14-ാം സ്ഥലവും കടന്ന് മലമുകളിലെ മാര്‍ത്തോമാ മണ്ഡപത്തിലെത്തിയപ്പോള്‍ അവിടെ ഇതര സംസ്ഥാനക്കാരായ മൂന്നു ജോലിക്കാര്‍ ഇലകള്‍ അടിച്ചു വൃത്തിയാക്കുന്നു. സമയം എത്രയായി, അവര്‍ ചോദിച്ചു. ഉച്ചയായി, 12.57 എന്നു പറഞ്ഞു. നിശബ്ദത പാലിക്കുക എന്ന സന്ദേശം പലയിടങ്ങളിലായി പതിപ്പിച്ചിട്ടുണ്ട്. അതെ ആകെ നിശബ്ദമാണ്, മലയാറ്റൂർ മലമുകളും താഴ്‌വാരവുമെല്ലാം.
English Summary: Malayatoor in lockdown days