ഉംപുന്‍ ഉഗ്രരൂപം പ്രാപിച്ചതും ലോക്ഡൗണും തമ്മിലെന്ത്? കോവിഡില്‍ ഉംപുൻ വെല്ലുവിളി

Mail This Article
പത്തനംതിട്ട ∙ ഉംപുൻ ചുഴലി ശക്തിപ്പെട്ട് സൂപ്പർ സൈക്ലോണായി മാറിയതിനു പിന്നിൽ ലോക്ഡൗണിന്റെ കാണാക്കൈകളുണ്ടോ? ഗവേഷകർ പരിശോധന തുടങ്ങിക്കഴിഞ്ഞു. വായുമലിനീകരണവും മഴയും തമ്മിലുള്ള രഹസ്യങ്ങളും പുറത്തുവന്നേക്കും. ലോക്ഡൗണിൽ അന്തരീക്ഷമലിനീകരണം കുറഞ്ഞു. എയ്റോസോൾ എന്നും ബ്ലാക്ക് കാർബൺ എന്നും അറിയപ്പെടുന്ന ചെറുധൂളികൾക്കു മഴയുമായി ബന്ധമുണ്ട്. പൊടിനിറഞ്ഞ അന്തരീക്ഷത്തിൽ മഴത്തുള്ളി പെട്ടെന്നു രൂപപ്പെടും.
പൊടിയില്ലെങ്കിൽ നീരാവി ഏറെക്കാലം കെട്ടിനിന്ന് അവസാനം ശക്തമായ ചുഴലിയാകും. അന്തരീക്ഷത്തിലെത്തുന്ന സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്ന എയ്റോസോൾ അന്തരീക്ഷ താപനില വർധിക്കാനും കരയിലെയും കടലിലെയും ചൂട് കുറയാനും സഹായിക്കും. ലോക്ഡൗണിൽ പൊടി കുറഞ്ഞതോടെ ഈ പ്രക്രിയ നേരേ തിരിഞ്ഞു. അന്തരീക്ഷം തണുത്തു. ഭൗമ–സമുദ്രോപരിതല താപനില വർധിച്ചു.
മേയ് മാസത്തിൽ ശരാശരി 30–31 ഡിഗ്രി വരെ ഉയരാറുള്ള സമുദ്ര താപനില കഴിഞ്ഞ ഏതാനും ആഴ്ചകളായി 34 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് നിലയിലെത്തി. വൻതോതിൽ നീരാവി ഉയരാൻ ഇതു കാരണമായതായി പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയോറോളജിയിലെ ഗവേഷകൻ ഡോ. റോക്സ് മാത്യു പറഞ്ഞു. വെറും 18 മണിക്കൂർ കൊണ്ട് ഉംപുൻ സൂപ്പർ സൈക്ലോണായി മാറാനും കാരണമിതാണ്. ഇത്രയും ചൂട് ഇതിനു മുമ്പ് കണ്ടിട്ടില്ല. കാലാവസ്ഥാ മാറ്റമാണ് ഇതിനു കാരണമെന്നും റോക്സി പറഞ്ഞു.
പെട്ടെന്നു രൗദ്രഭാവം ആർജിക്കുന്ന ചുഴലികൾ പുതിയ ഭീഷണിയാണെന്നു പഠനം പുറത്തുവിട്ട ക്ലൈമറ്റ് ട്രെൻഡ്സ്– ഗ്ലോബൽ സ്ട്രാറ്റജീസ് വിശദീകരിച്ചു. കടൽ കയറിവരാൻ ഇതു കാരണമാകും. ആഗോള താപനം ലോകമെങ്ങും സമുദ്രോപരിതല താപനിലയും ചുഴലികളുടെ എണ്ണവും തീവ്രതയും വർധിപ്പിക്കുന്നുവെന്ന് ഭുവനേശ്വർ ഐഐടിയിലെ ഡോ. വി. വിനോജ് പറയുന്നു.
കോവിഡ്: ചുഴലി ചുറ്റിക്കുമോ ചിറ്റഗോങിനെ?
ചുഴലികൾ ബംഗ്ലദേശിനു പുതിയ കാര്യമല്ലെങ്കിലും ദുരിതാശ്വാസ ക്യാംപുകളിൽ സാമൂഹിക അകലം പാലിക്കുന്നത് വെല്ലുവിളിയാണെന്നു ബംഗ്ലദേശ് സ്വതന്ത്ര സർവകലാശാലയിലെ കാലാവസ്ഥാമാറ്റ വിദഗ്ധൻ ഡോ. സലിമുൾ ഹക്ക് പറഞ്ഞു. ചിറ്റഗോങിലും മറ്റും കാറ്റ് ഉയർത്തുന്നതിനെക്കാൾ വലിയ വെല്ലുവിളിയാണ് ഇത്.
English Summary: Amphan cyclone in covid period