ബ്രിട്ടനിൽ യുവ മലയാളി ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു; 10 ദിവസത്തിനിടെ മരിച്ചത് 4 മലയാളികൾ

Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് യുവ മലയാളി ഡോക്ടർ മരിച്ചു. പാലക്കാട് സ്വദേശിയായ ഡോ. കൃഷ്ണൻ സുബ്രഹ്മണ്യനാണ്(46 വയസ്) ഇന്നലെ ഉച്ചകഴിഞ്ഞ് ബ്രിട്ടനിലെ ലെസ്റ്ററിൽ മരിച്ചത്.
കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായ ഡോ. കൃഷ്ണൻ ഏതാനും ദിവസങ്ങളായി ലെസ്റ്ററിലെ ഗ്ലൻഫീൽഡ് ആശുപത്രിയിൽ എഗ്മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് നടത്തും. പ്രിയദർശിനി മേനോനാണ് ഭാര്യ. അനസ്തിഷ്യ സ്പെഷ്യലിസ്റ്റായിരുന്ന കൃഷ്ണൻ ഡെർബി ഹോസ്പിറ്റിറ്റലിലാണ് പ്രധാനമായും ജോലി ചെയ്തിരുന്നത്. നോർത്താംപ്റ്റൺ, ലെസ്റ്റർ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു.
ബ്രിട്ടനിൽ പത്തുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ മലയാളിയാണ് ഡോ. കൃഷ്ണൻ സുബ്രഹ്മണ്യൻ. ബ്രിട്ടനിലാകെ ഇന്നലെ 563 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് മരണസംഖ്യ അഞ്ഞൂറിനു മുകളിൽ തുടരുന്നത്.
ഇന്നലെ മാത്രം രോഗികളായത് 33,470 പേരാണ്. കഴിഞ്ഞദിവസം ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം പിന്നിട്ടിരുന്നു. യൂറോപ്പിൽ ഏറ്റവും അധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രിട്ടനിലുൾപ്പെടെ അഞ്ചു രാജ്യങ്ങളിലാണ് ഇതുവരെ മരണസംഖ്യ അമ്പതിനായിരം കടന്നത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നിവയാണ് മരണസംഖ്യ അമ്പതിനായിരം കടന്ന മറ്റ് രാജ്യങ്ങൾ.
English Summary: Keralite doctor from Leicester passed away after falling ill with Covid